< Back
India
യുഎസ് അധിക തീരുവ മറികടക്കാൻ ചൈനീസ് വിപണി ലക്ഷ്യമിട്ട് ഇന്ത്യ; മോദി-ഷീജിങ് പിങ് കൂടിക്കാഴ്ച ഇന്ന്
India

യുഎസ് അധിക തീരുവ മറികടക്കാൻ ചൈനീസ് വിപണി ലക്ഷ്യമിട്ട് ഇന്ത്യ; മോദി-ഷീജിങ് പിങ് കൂടിക്കാഴ്ച ഇന്ന്

Web Desk
|
31 Aug 2025 6:30 AM IST

ഷാങ്ഹായി ഉച്ചകോടിയിൽ പങ്കെടുക്കുന്ന മോദി റഷ്യൻ പ്രസിഡന്‍റ് പുടിനുമായും കൂടിക്കാഴ്ച നടത്തും

ബീജിങ്: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ചൈനീസ് പ്രസിഡന്റ് ഷീജിങ്ങ്പിങ്ങുമായി കൂടിക്കാഴ്ച നടത്തും.ഷാങ്ഹായി ഉച്ചകോടിയിൽ പങ്കെടുക്കാനാണ് മോദി ചൈനയിൽ എത്തിയത്.അമേരിക്ക ഇരട്ടിതീരുവ ഏർപ്പെടുത്തിയതോടെയാണ് ചൈനീസ് പ്രസിഡന്റുമായി നടത്തുന്ന കൂടിക്കാഴ്ച ഏറെ നിർണായകമാകുന്നത്.

ഏഴ് വർഷത്തിനിപ്പുറമാണ് നരേന്ദ്രമോദി ചൈനയിലെത്തിയത്. ഗാൽവൻമേഖലയിലെ സംഘർഷം,ബ്രഹ്മപുത്രനദീജല തർക്കം,അതിർത്തിഗ്രാമങ്ങളുടെ മേലേയുള്ള അവകാശതർക്കം എന്നിവ കലുഷിതമാക്കിയ നാളുകളാണ് കടന്നുപോയത്. ടിക് ടോക് ഉൾപ്പെടെ ആപ്പുകൾ നിരോധിച്ചും സ്വതന്ത്രവ്യാപരത്തിൽ നിയന്ത്രണമേർപ്പെടുത്തിയുമാണ് ഇന്ത്യ പ്രതികരിച്ചത്.

അമേരിക്ക സൃഷ്ടിക്കുന്ന തീരുവ പ്രതിസന്ധി ലോകരാജ്യങ്ങളുടെ നയതന്ത്ര ബന്ധങ്ങളെ മാറ്റിമറിക്കുകയാണ്. പുതിയവിപണിയും ബന്ധങ്ങളും തേടിയുള്ള യാത്രയിലാണ് ഇന്ത്യ. ജപ്പാനുമായി നടന്ന ചർച്ചയുടെ ഭാഗമായി ആറ് ലക്ഷം കോടി നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. ചൈനയുമായി ഇന്ത്യ കൈകോർക്കുന്നതോടെ ഏഷ്യയിലെ ഇരട്ടഎൻജിൻ നിലവിൽ വരുമെന്ന് ഇന്ത്യയിലെ ചൈനീസ് അംബാസഡർ സു ഫിയാൻഹു പറയുന്നു.ചൈനയുമായുള്ള സൗഹൃദം സമൃദ്ധിയിലേയ്ക്കും സമാധാനത്തിലേയ്ക്കും നയിക്കുമെന്ന് മോദി ജപ്പാനിൽ വ്യക്തമാക്കിയിരുന്നു. മത്സ്യകയറ്റുമതിയിലടക്കം ചൈനയിൽ ഇന്ത്യപുതിയ മാർക്കറ്റ് ലക്ഷ്യംവയ്ക്കുന്നുണ്ട്.

ഖനനത്തിനായി സഹായിക്കുന്ന ആധുനിക യന്ത്രങ്ങൾ ചൈനയിൽ നിന്ന് സ്വന്തമാക്കാനും അഗ്രഹമുണ്ട്. കോവിഡിന് ശേഷം മുടങ്ങിപ്പോയ നേരിട്ടുള്ള പാസഞ്ചർ വിമാനസർവീസ് പുനഃസ്ഥാപിക്കുന്നതടക്കമുള്ള നടപടിയുണ്ടാകും. ചൈനീസ് തുറമുഖനഗരമായ ടിയാൻജനിലെ ഉച്ചകോടിക്ക് എത്തുന്ന റഷ്യൻപ്രസിഡൻ്റ് പുടിനുമായി മോദി നാളെ കൂടിക്കാഴ്ച നടത്തുന്നുണ്ട്.

Similar Posts