< Back
India
Abhishek Banerjee
India

'മോദിയുടെ ഗ്യാരണ്ടിക്ക് വാറണ്ടിയില്ല'; പരിഹസിച്ച് അഭിഷേക് ബാനര്‍ജി

Web Desk
|
10 March 2024 6:34 PM IST

പറഞ്ഞ വാക്കുപാലിക്കാന്‍ മോദിക്കറിയില്ലെന്ന് അഭിഷേക് ബാനര്‍ജി

കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'ഗ്യാരണ്ടി' പരാമര്‍ശത്തെ പരിഹസിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ സ്ഥാനാര്‍ത്ഥിയുമായ അഭിഷേക് ബാനര്‍ജി എം.പി. 'മോദിയുടെ ഗ്യാരണ്ടിക്ക് വാറണ്ടിയില്ല' എന്നാണ് അഭിഷേകിന്റെ പരാമര്‍ശം.

ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ നടന്ന 'ജന ഗര്‍ജന്‍ സഭ' എന്ന മെഗാ പൊതുയോഗത്തിലായിരുന്നു അഭിഷേക് ബാനര്‍ജിയുടെ പ്രസ്താവന. തെരഞ്ഞെടുപ്പ് സമയത്ത് മാത്രം സംസ്ഥാനം സന്ദര്‍ശിക്കുന്ന ബി.ജെ.പി നേതാക്കള്‍ പുറത്തുനിന്നുള്ളവരാണെന്നും ബംഗാള്‍ വിരുദ്ധരാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറികൂടിയായ അഭിഷേക് ബാനര്‍ജി പറഞ്ഞു.

'സംസ്ഥാനത്തിനു വേണ്ട ഫണ്ടുകള്‍ അനുവദിക്കാത്ത ബി.ജെ.പിക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ജനങ്ങള്‍ തക്ക മറുപടി നല്‍കും. വാക്കുപാലിക്കാന്‍ മോദിക്കറിയില്ല. പറഞ്ഞവാക്ക് പാലിക്കുന്നവര്‍ മമത ബാനര്‍ജിയും തൃണമൂല്‍ കോണ്‍ഗ്രസുമാണ്. തെരഞ്ഞെടുപ്പ് സമയത്ത് മാത്രം എത്തുന്ന ബി.ജെ.പിയും അവരുടെ നേതാക്കളും പുറത്തുനിന്നുള്ളവരാണ്. അവര്‍ ബംഗാള്‍ വിരുദ്ധരാണ്. അതുകൊണ്ടാണ് അവര്‍ സംസ്ഥാനത്തിനുള്ള ഫണ്ട് തടഞ്ഞുവെക്കുന്നതെന്നും' അദ്ദേഹം പറഞ്ഞു.

അതേസമയം പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ലോക്‌സഭാ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. 42 മണ്ഡലങ്ങളിലേക്കും പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. ഡയമണ്ട് ഹാര്‍ബര്‍ മണ്ഡലത്തില്‍ നിന്നാണ് അഭിഷേക് ബാനര്‍ജി ജനവിധി തേടുക.

Similar Posts