
കടുപ്പിച്ച് ഇന്ത്യ; അമേരിക്കയിൽ നടക്കുന്ന യുഎൻ വാർഷിക സമ്മേളനത്തിൽ മോദി പങ്കെടുത്തേക്കില്ല
|മോദിക്ക് പകരം വിദേശകാര്യമന്ത്രി എസ് ജയശങ്കർ പങ്കെടുക്കും
ന്യൂഡൽഹി: ഇന്ത്യക്ക് മേൽ അമേരിക്ക ചുമത്തിയ അധിക തീരുവയുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎൻ വാർഷിക സമ്മേളനത്തിൽ പങ്കെടുത്തേക്കില്ലെന്ന് സൂചന. മോദിക്ക് പകരം വിദേശകാര്യമന്ത്രി എസ് ജയശങ്കർ പങ്കെടുക്കും. ഈ മാസം 23 മുതൽ 29 വരെയാണ് സമ്മേളനം.
യുഎൻ വാർഷിക സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് നേരത്തെ മോദി അറിയിച്ചിരുന്നു. മോദിയെ ഉൾപ്പെടുത്തി പ്രാസംഗികരുടെ പട്ടിക പോലും പുറത്തിറക്കിയിരുന്നു. മോദിയും വിദേശകാര്യ മന്ത്രി എസ. ജയശങ്കറും പങ്കെടുക്കും എന്നാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ജയശങ്കർ മാത്രമായിരിക്കും അമേരിക്കയിലേക്ക് പോവുക എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
അതേസമയം, ഇന്ത്യക്ക് ഏർപ്പെടുത്തിയ 50% തീരുവ തുടരുമെന്നാണ് അമേരിക്കൻ വാണിജ്യ സെക്രട്ടറി അറിയിച്ചിരിക്കുന്നത്. ഇന്ത്യൻ ഉടൻ മാപ്പ് പറയുമെന്നും വാണിജ്യ സെക്രട്ടറിയുടെ പ്രസ്താവനയിൽ പറയുന്നു. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളാണ് ഇന്ത്യക്ക് മേൽ അധിക തീരുവ ചുമത്താൻ അമേരിക്കക്ക് കാരണമായത്.