< Back
India
കോൺഗ്രസ് നേതാക്കൾ ഇനിയും ബിജെപിയില്‍ ചേരും, ഹിന്ദുക്കളാരും ആ പാർട്ടിയിലുണ്ടാവില്ല: ഹിമന്ത ബിശ്വ ശർമ്മ
India

'കോൺഗ്രസ് നേതാക്കൾ ഇനിയും ബിജെപിയില്‍ ചേരും, ഹിന്ദുക്കളാരും ആ പാർട്ടിയിലുണ്ടാവില്ല': ഹിമന്ത ബിശ്വ ശർമ്മ

റിഷാദ് അലി
|
24 Feb 2026 9:48 AM IST

''കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരാൻ ആഗ്രഹിക്കുന്ന നേതാക്കളുടെ ഒരു പട്ടിക തന്നെയുണ്ട്. വരും ദിവസങ്ങളിൽ കൃത്യമായ ഇടവേളകളിൽ ഇവർ പാർട്ടിയിലെത്തും''

ഗുവാഹത്തി: ഇനിയും കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലെത്തുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. മുൻ പിസിസി അധ്യക്ഷൻ ഭൂപൻ കുമാർ ബോറ ബിജെപിയിൽ ചേർന്നതിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരാൻ ആഗ്രഹിക്കുന്ന നേതാക്കളുടെ ഒരു പട്ടിക തന്നെയുണ്ട്. വരും ദിവസങ്ങളിൽ കൃത്യമായ ഇടവേളകളിൽ ഇവർ പാർട്ടിയിലെത്തും. 2029ലെ പൊതുതിരഞ്ഞെടുപ്പിന് മുമ്പ് പ്രധാനപ്പെട്ട എല്ലാ പ്രതിപക്ഷ നേതാക്കളും ബിജെപിയുടെ ഭാഗമാകുമെന്നും ഹിന്ദുക്കളാരും അവിടെയുണ്ടാവില്ലെന്നും ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.

"അതിനൊരു കൃത്യമായ സമയക്രമമുണ്ട്, അതിനനുസരിച്ച് കോൺഗ്രസ് നേതാക്കൾ പാർട്ടിയിൽ ചേരും. ചിലർ 2027ൽ എത്തും, മറ്റുചിലർ 2029ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുൻപും, ബാക്കിയുള്ളവർ 2031-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപും എത്തും", മുൻ കോൺഗ്രസ് അധ്യക്ഷൻ ഭൂപൻ ബോറ രാജിവെച്ച് ബിജെപിയിൽ ചേർന്നതിന് പിന്നാലെ കൂടുതൽ നേതാക്കൾ പാർട്ടിയിലേക്ക് വരുമോ എന്ന ചോദ്യത്തിന് മറുപടിയായി ശർമ്മ പറഞ്ഞു.

''എന്തായാലും ഒരു കാര്യം ഉറപ്പാണ്, ഒരു ഹിന്ദു നേതാവ് പോലും കോൺഗ്രസ് പാർട്ടിയിൽ അവശേഷിക്കില്ല"- ശർമ്മ അവകാശപ്പെട്ടു. അതേസമയം ഈ വർഷത്തെ നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് കൂടുതൽ കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേരുമോ എന്ന ചോദ്യത്തിന്, ബിജെപിയിൽ ഇപ്പോൾ ഒഴിവുകളൊന്നുമില്ലെന്നും ഇപ്പോൾ കൊണ്ടുവന്നാൽ അവർക്ക് എങ്ങനെ സീറ്റ് നൽകാനാകുമെന്നും മുഖ്യമന്ത്രി ചോദിച്ചു.

ബിജെപി സ്ഥാനാർത്ഥികളുടെ പട്ടിക ഏകദേശം അന്തിമമാക്കിയിട്ടുണ്ടെന്നും ബാക്കിയുള്ളവ സഖ്യകക്ഷികളുമായി ചർച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Similar Posts