< Back
India
കൂടുതൽ മന്ത്രിമാർ ബിജെപിക്ക്:  ബിഹാറിൽ സത്യപ്രതിജ്ഞാ ചടങ്ങിനൊരുങ്ങി എൻഡിഎ
India

കൂടുതൽ മന്ത്രിമാർ ബിജെപിക്ക്: ബിഹാറിൽ സത്യപ്രതിജ്ഞാ ചടങ്ങിനൊരുങ്ങി എൻഡിഎ

Web Desk
|
16 Nov 2025 7:26 PM IST

മന്ത്രിസഭാ രൂപീകരണത്തിലെ അഭിപ്രായ വ്യത്യാസങ്ങൾ പരസ്യപ്പെടുത്തരുതെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിർദേശം

പറ്റ്ന: ബിഹാറിൽ മന്ത്രിസഭാ ചർച്ചകൾ അന്തിമഘട്ടത്തിൽ. സത്യപ്രതിജ്ഞ ഈ ആഴ്ചയിൽ തന്നെ ഉണ്ടാകും. മുഖ്യമന്ത്രി നിതീഷ് കുമാറും ബിജെപിക്ക് 15 മന്ത്രിമാരും എന്നാണ് ധാരണ.

ബിഹാറിലെ ചരിത്ര വിജയത്തിന് പിന്നാലെ തർക്കങ്ങൾ മാറ്റിവെച്ച് മന്ത്രിസഭ രൂപീകരിക്കാനുള്ള നീക്കത്തിലാണ് എൻഡിഎ. 22നാണ് നിലവിലെ മന്ത്രിസഭയുടെ കാലാവധി പൂർത്തിയാകുന്നത്. പ്രധാനമന്ത്രിയുടെ സൗകര്യം നോക്കിയായിരിക്കും പ്രഖ്യാപനം.

ബിജെപിക്ക് 15 മന്ത്രിമാരും ജെഡിയുവിന് 14, എൽജെപിക്കും ആര്‍എല്‍എമ്മിനും മൂന്നു വീതവും ജിതിൻ റാം മാഞ്ചിയുടെ എച്ച് എഎമ്മിന് ഒരു മന്ത്രിയുമെന്നാണ് നിലവിലെ ധാരണ. ബിജെപി മന്ത്രിമാരുടെ എണ്ണം കൂടാനും സാധ്യതയുണ്ട്.

മന്ത്രിസഭാ രൂപീകരണത്തിലെ അഭിപ്രായ വ്യത്യാസങ്ങൾ പരസ്യപ്പെടുത്തരുതെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിർദേശം. അതേസമയം പത്താം തവണ മുഖ്യമന്ത്രിയാകുന്ന നിതീഷിന്റെ സത്യപ്രതിജ്ഞാച്ചടങ്ങ് മെഗാ പരിപാടിയാക്കാനാണ് തീരുമാനം. സത്യപ്രതിജ്ഞാച്ചടങ്ങിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ജയ്‌സ്വാള്‍ പറഞ്ഞു. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട നിയമസഭാംഗങ്ങളുടെ പട്ടിക ദേശീയ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഗവര്‍ണര്‍ക്ക് ഞായറാഴ്ച വൈകുന്നേരം കൈമാറും.

202 സീറ്റുകളാണ് എൻഡിഎ നേടിയത്. ബിജെപി 89 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായപ്പോള്‍ ജെഡിയു 85 സീറ്റുകള്‍ നേടി രണ്ടാം സ്ഥാനത്ത് എത്തി. 19 സീറ്റുകളാണ് ചിരാഗ് പാസ്വാന്റെ ലോക്ജനശക്തി പാര്‍ട്ടി നേടിയത്.

Similar Posts