< Back
India
ഹോളി ആഘോഷത്തിനിടെ പള്ളിയുടെ ഗേറ്റ് തകർക്കാൻ ശ്രമം; മഹാരാഷ്ട്രയിൽ യുവാക്കൾക്കെതിരെ കേസ്
India

ഹോളി ആഘോഷത്തിനിടെ പള്ളിയുടെ ഗേറ്റ് തകർക്കാൻ ശ്രമം; മഹാരാഷ്ട്രയിൽ യുവാക്കൾക്കെതിരെ കേസ്

Web Desk
|
16 March 2025 4:34 PM IST

മുംബൈയിൽനിന്ന് ഏകദേശം 400 കിലോമീറ്റർ അകലെയുള്ള രജാപുർ ഗ്രാമത്തിലാണ് സംഭവം

മുംബൈ: മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിൽ ഹോളി ആഘോഷത്തിനിടെ മുസ്‌ലിം പള്ളി ആക്രമിച്ചവർക്കെതിരെ പൊലീസ് കേസെടുത്തു. ഹോളി ദിനത്തിലെ പ്രാദേശിക ആഘോഷത്തിനിടെയാണ് ഒരുകൂട്ടം യുവാക്കൾ പള്ളിക്ക് നേരെ ആക്രമണം നടത്തിയത്. മുംബൈയിൽനിന്ന് ഏകദേശം 400 കിലോമീറ്റർ അകലെയുള്ള രജാപുർ ഗ്രാമത്തിലാണ് സംഭവം.

ധോപേശ്വർ ക്ഷേത്രത്തിലെ പ്രത്യേക ആചാരത്തിന്റെ ഭാഗമായാണ് ഹോളി ദിനത്തിൽ ഷിംഗ എന്ന ആഘോഷം നടത്തിവരുന്നത്. കൊങ്കണി വിഭാഗങ്ങൾക്കിടയിൽ വ്യാപകമായ ആഘോഷത്തിൽ അമ്പലത്തിലേക്ക് മരക്കൊമ്പുമായി പോകുന്ന ഘോഷയാത്രകളാണ് പ്രധാന പരിപാടി. അതുനടക്കുന്നതിനിടെയാണ്, ഒരുകൂട്ടം ചെറുപ്പക്കാർ സമീപത്തുള്ള പള്ളിയുടെ ഗേറ്റിലേക്ക് മരക്കൊമ്പ് കൊണ്ട് പലതവണ ഇടിച്ചത്. പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയാണ് ഗേറ്റിൽ ഇടിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കൊങ്കൺ മേഖലയിലെ ആചാരത്തിനിടെ ഇത്തരമൊരു സംഭവം ഞെട്ടിച്ചുവെന്ന് പ്രദേശവാസികൾ മാധ്യമങ്ങളോട് പറഞ്ഞു. പള്ളിയുടെ ഗേറ്റ് പൂട്ടിയിരുന്നില്ല. എന്നിട്ടും അവർ പലതവണ മരക്കൊമ്പ് ഉപയോഗിച്ച് ഇടിക്കുകയായിരുന്നുവെന്നും പ്രദേശവാസി പറയുന്നു. യുവാക്കൾ മദ്യം കഴിച്ചിരുന്നുവെന്ന് രത്‌നഗിരി എസ് പി ധനഞ്ജയ് കുൽക്കർണി പറഞ്ഞു. അവർക്കെതിരെ മഹാരാഷ്ട്ര പൊലീസ് ആക്ടിലെ 135-ാം വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

പള്ളിക്കെതിരായ ആക്രമണം ആസൂത്രിയതമല്ലന്നാണ് പ്രാഥമിക നിഗമനം. ചിലർ ഈ ദൃശ്യങ്ങൾ ഉപയോഗിച്ച് സമൂഹത്തിൽ വിഭജനം ഉണ്ടാക്കാൻ ശ്രമിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞിരുന്നു. അത്തരക്കാരെക്കുറിച്ച് അന്വേഷണം നടക്കുന്നതായും ഉദ്യോഗസ്ഥർ അറിയിച്ചു.

Similar Posts