< Back
India
അഞ്ചാം ക്ലാസ്​ മുതൽ സ്​കൂളിലേക്കയച്ചില്ല, അതൊരു കടുത്ത തീരുമാനം; ​ഗുകേഷിന്റെ വിജയത്തിൽ മനസ്സ് തുറന്ന് മാതാവ്‌
India

'അഞ്ചാം ക്ലാസ്​ മുതൽ സ്​കൂളിലേക്കയച്ചില്ല, അതൊരു കടുത്ത തീരുമാനം'; ​ഗുകേഷിന്റെ വിജയത്തിൽ മനസ്സ് തുറന്ന് മാതാവ്‌

Web Desk
|
22 Dec 2024 2:55 PM IST

‘അവന്റെ സ്കൂൾ പഠനം നിർത്തിയത് തെറ്റായിപ്പോയോ എന്ന്​ ആലോചിക്കാറുണ്ട്​’

ചെന്നൈ: ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യനായി രാജ്യത്തിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് ഡി.​ ഗുകേഷ്. മുൻ ലോക ചാമ്പ്യൻ ​ചൈനയുടെ ഡിങ് ലിറനെ പരാജയപ്പെടുത്തിയാണ്​ ​ഗുകേഷ്​ വിജയക്കിരീടം ചൂടിയത്​. ​​ഗുകേഷിന്റെ വിജയത്തിൽ വലിയൊരു പങ്കുവഹിച്ചത് മാതാപിതാക്കളായ പത്മ കുമാരിയും രജനികാന്തുമാണ്. ചെസിൽ പൂർണ ശ്രദ്ധ കേന്ദ്രീകരിക്കാൻ അഞ്ചാം ക്ലാസിൽ ​ഗുകേഷിനെ സ്​കൂളിൽ അയക്കുന്നത്​ അവസാനിപ്പിക്കേണ്ടി വന്നുവെന്ന് അമ്മ പത്മകുമാരി പറഞ്ഞു. ചെസ് ബേസ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് ​ഗുകേഷിന്റെ ചെസ് കരിയറിനെക്കുറിച്ച് പത്മകുമാരി തുറന്നുപറഞ്ഞത്.

‘ചില ടൂർണമെന്റുകളിൽ അവന് നന്നായി മത്സരിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഞങ്ങൾക്ക് വലിയ ആശങ്കയായിരുന്നു. അവന്റെ സ്കൂൾ പഠനം നിർത്തിയത് തെറ്റായിപ്പോയോ എന്നുവരെ ആലോചിക്കും. എന്നാൽ, ഗുകേഷിന്റെ കഴിവിൽ ഞങ്ങൾക്ക് വിശ്വാസമായിരുന്നു. പക്ഷേ ഞങ്ങളെടുത്ത കടുത്ത തീരുമാനം തുടരെ തുടരെ ഞങ്ങളെ പരീക്ഷിച്ചുകൊണ്ടിരുന്നു’-പത്മകുമാരി പറയുന്നു. ​

ഗുകേഷിന്റെ നിശ്ചയദാർഢ്യത്തിനും പോരാട്ടവീര്യത്തിനും പ്രധാന കാരണം അവന്റെ അച്ഛൻ രജനികാന്തായിരുന്നുവെന്ന് പത്മകുമാരി സൂചിപ്പിച്ചു. ചെറിയ പ്രായത്തിലേ ചെസ് കളിച്ചു തുടങ്ങിയ ​ഗുകേഷിന് ചില ടൂർണമെന്റുകളിൽ പതർച്ച സംഭവിക്കുമ്പോൾ പിൻവലിയാൻ ശ്രമിക്കുമായിരുന്നു. അപ്പോഴെല്ലാം ​ഗുകേഷിന്റെ അച്ഛൻ അവനെ പ്രോത്സാഹിപ്പിക്കുകയും തോറ്റു പിന്മാറാതെ ടൂർണമെന്റിന്റെ അവസാനം വരെ പോരാടണമെന്നും പറയുമായിരുന്നു. അച്ഛന്റെ വാക്കുകൾ ചെറുപ്പത്തിൽ ഉൾക്കൊള്ളാൻ അവൻ പ്രയാസപ്പെട്ടെങ്കിലും പിന്നീടവന്റെ വിജയത്തിൽ വലിയ സ്വാധീനമാണ് അദ്ദേഹത്തിന്റെ വാക്കുകൾ ചെലുത്തിയതെന്നും പത്മകുമാരി തുടർന്നു.

തന്റെ വിജയത്തിൽ ​ഗുകേഷ് മാതാപിതാക്കളോട് നന്ദി പ്രകാശിപ്പിച്ചു. ഏഴാം വയസ്സിൽ കളിച്ചു തുടങ്ങുമ്പോൾ തന്നെ ഞാനീ നിമിഷത്തിനുവേണ്ടി കാത്തിരിക്കുകയായിരുന്നു. ഞാൻ ലോക ചാമ്പ്യനാകുന്നത് കാണാൻ എന്നേക്കാൾ കൂടുതൽ ആ​ഗ്രഹിച്ചത് എന്റെ മാതാപിതാക്കളാണ്. അവരുടെ ത്യാ​ഗവും കൂട്ടുകാരുടെ പിന്തുണയുമാണ് എന്നെ ലോക ചാമ്പ്യനാക്കിയതെന്നും ​ഗുകേഷ് പറഞ്ഞു.

Related Tags :
Similar Posts