India
സമാധാനപരമായി ആകാം: ഗസ്സ വംശഹത്യക്കെതിരായ സിപിഎമ്മിന്റെ പ്രതിഷേധ പരിപാടിക്ക് അനുമതി നൽകി ബോംബെ ഹൈക്കോടതി
India

'സമാധാനപരമായി ആകാം': ഗസ്സ വംശഹത്യക്കെതിരായ സിപിഎമ്മിന്റെ പ്രതിഷേധ പരിപാടിക്ക് അനുമതി നൽകി ബോംബെ ഹൈക്കോടതി

Web Desk
|
12 Aug 2025 4:26 PM IST

ഓഗസ്റ്റ് 20ന് വൈകുന്നേരം 3നും 6നും ഇടയിൽ പ്രതിഷേധം അരങ്ങേറുമെന്ന് സിപിഎമ്മിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മിഹിർ ദേശായി

മുംബൈ: ഗസ്സയിലെ ഇസ്രായേല്‍ വംശഹത്യയെ അപലപിച്ച് സമാധാനപരമായ രീതിയില്‍ പ്രതിഷേധ പരിപാടി നടത്താന്‍ സിപിഎമ്മിന് അനുമതി നല്‍കി ബോംബെ ഹൈക്കോടതി.

പ്രതിഷേധ പരിപാടി നടത്തുന്നതിന് അനുമതി തേടിയുള്ള സിപിഎമ്മിന്റെ അപേക്ഷയില്‍ നിലപാട് അറിയിക്കാന്‍ നേരത്തെ മുംബൈ പൊലീസിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. സമാധാനപരമായി പ്രതിഷേധിക്കുന്നതില്‍ എതിര്‍പ്പില്ല എന്നായിരുന്നു മുംബൈ പൊലീസിന്റെ അഭിപ്രായം. ഇതിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസുമാരായ രവീന്ദ്ര ഗുഗെ, ഗൗതം അൻഖാദ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് സിപിഎമ്മിന് അനുമതി നല്‍കിയത്.

അനുമതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഓഗസ്റ്റ് 20ന് വൈകുന്നേരം 3നും 6നും ഇടയിൽ പ്രതിഷേധം അരങ്ങേറുമെന്ന് സിപിഎമ്മിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മിഹിർ ദേശായി വ്യക്തമാക്കി. പൊതുയോഗങ്ങൾ, പ്രക്ഷോഭ പരിപാടികള്‍, ജാഥകൾ എന്നിവയ്ക്കായുള്ള മഹാരാഷ്ട്ര പൊലീസ് ആക്ടിന് കീഴിൽ വരുന്ന ചട്ടങ്ങൾ പാലിച്ചുകൊണ്ട് സമാധാനപരമായിട്ടായിരിക്കും പ്രതിഷേധമെന്നും അദ്ദേഹം കോടതിയില്‍ വ്യക്തമാക്കി.

നേരത്തെ പ്രതിഷേധ സംഗമം നടത്താന്‍ മുംബൈ പൊലീസ് അനുമതി നിഷേധിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്ത് ബോംബെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജൂലൈ 25ന് ഹർജി തള്ളി. ആയിരക്കണക്കിന് മൈലുകൾ അകലെയുള്ള വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം പാർട്ടി സ്വന്തം രാജ്യത്തെ നോക്കണമെന്നായിരുന്നു കോടതി നിര്‍ദേശം. നിര്‍ദേശം വിവാദമാകുകയും ചെയ്തിരുന്നു.

കോടതി നിലപാടിനെ വിമർശിച്ച് സിപിഎം നേതൃത്വം മഹാരാഷ്ട്രയിൽ വാര്‍ത്താക്കുറിപ്പിറക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് കോടതിയലക്ഷ്യമാണെന്നും നടപടയെടുക്കണമെന്നും ബോംബൈ ഹെക്കോടതിയില്‍ പരാതിയായി എത്തുകയും ചെയ്തിരുന്നു. എന്നാല്‍ കോടതിയലക്ഷ്യ പരാതിയിൽ സിപിഎമ്മിനെതിരെ നടപടിയെടുക്കുന്നതിലും നല്ലത് അവഗണിച്ച് ഒഴിവാക്കുന്നതാണെന്നായിരുന്നു ബോംബെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നത്.

Similar Posts