< Back
India
മുംബൈ ഇന്ത്യൻസ് താരങ്ങളായ രോഹിതും ബുംറയും സൂര്യകുമാറും അബൂദബിയിലെത്തി; ആറു ദിവസം ക്വാറന്റെയ്‌നിൽ പോകും
India

മുംബൈ ഇന്ത്യൻസ് താരങ്ങളായ രോഹിതും ബുംറയും സൂര്യകുമാറും അബൂദബിയിലെത്തി; ആറു ദിവസം ക്വാറന്റെയ്‌നിൽ പോകും

Sports Desk
|
11 Sept 2021 5:13 PM IST

ചാമ്പ്യന്മാരായ മുംബൈയുടെ യു.എ.ഇയിലെ ആദ്യ മത്സരം ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെയാണ്

അബൂദബി: 2021 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐ.പി.എൽ) തുടർ മത്സരങ്ങൾക്കായി മുംബൈ ഇന്ത്യൻ ടീം താരങ്ങൾ അബൂദബിയിലെത്തി. ക്യാപ്റ്റൻ രോഹിത് ശർമ, പേസ് ബൗളർ ജസ്പ്രീത് ബുംറ, സൂര്യകുമാർ യാദവ് എന്നിവർ കുടുംബ സമേതം ചാർട്ടേഡ് വിമാനത്തിലാണെത്തിയത്. ടീമിന്റെ ബയോബബിളിൽ ചേരുംമുമ്പ് കോവിഡ് മാനദണ്ഡം പാലിച്ച് ആറു ദിവസം ക്വാറന്റെയ്‌നിൽ പോകും.

ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റ് പരമ്പരക്കായി മാഞ്ചസ്റ്ററിലായിരുന്നു ഇവർ ഉണ്ടായിരുന്നത്. അവിടെ നിന്നാണ് അബൂദബിയിലെത്തിയത്. വിമാനം കയറും മുമ്പും ശേഷവും നടന്ന പരിശോധനയിൽ എല്ലാവരും കോവിഡ് നെഗറ്റീവാണെന്ന് മുംബൈ ഇന്ത്യൻസ് അധികൃതർ അറിയിച്ചു. രോഹിതും ഭാര്യ റിതികയും മകൾ സമയ്‌റയുമുള്ള ഫോട്ടോയും മുംബൈ ഇന്ത്യൻസിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ വിവരങ്ങൾക്കൊപ്പം പങ്കുവെച്ചിട്ടുണ്ട്.

ചാമ്പ്യന്മാരായ മുംബൈയുടെ യു.എ.ഇയിലെ ആദ്യ മത്സരം ചെന്നൈ സൂപ്പർ കിംഗ്‌സി (സി.എസ്.കെ) നെതിരെയാണ്.

നേരത്തെ ഇന്ത്യയിൽ നടന്ന ഐ.പി.എൽ മത്സരങ്ങൾ താരങ്ങൾക്കും സപ്പോർട്ടിങ് സ്റ്റാഫിനും കോവിഡ് ബാധിച്ചതിനെ തുടർന്ന് നിർത്തിവെച്ചതായിരുന്നു. നിലവിൽ മുംബൈ ഇന്ത്യൻസ് നാലാം സ്ഥാനത്താണ്. ഡെൽഹി ക്യാപിറ്റൽസാണ് ഒന്നാം സ്ഥാനത്ത്. സി.എസ്.കെ രണ്ടാം സ്ഥാനത്താണ്.

Similar Posts