
മുംബൈ ട്രെയിൻ സ്ഫോടന കേസ്: 'പ്രതികളായിരുന്ന നിരപരാധികളെ ജയിൽ മോചിതരാക്കിയത് നീതിയുടെ വിജയം'; ജോസി ജോസഫ്
|'നൂറു കണക്കിന് നിരപരാധികളാണ് ഇന്ത്യൻ ജയിലുകളിൽ ഇപ്പോഴും കഴിയുന്നത്'
ന്യൂഡൽഹി: മുംബൈ ട്രെയിൻ സ്ഫോടന കേസിൽ പ്രതികളായിരുന്ന നിരപരാധികളെ ജയിൽ മോചിതരാക്കിയത് നീതിയുടെ വിജയമെന്ന് മാധ്യമ പ്രവർത്തകൻ ജോസി ജോസഫ്. നൂറു കണക്കിന് നിരപരാധികളാണ് ഇന്ത്യൻ ജയിലുകളിൽ ഇപ്പോഴും കഴിയുന്നതെന്ന് ജോസി ജോസഫ് മീഡിയവണിനോട് പറഞ്ഞു.
ദളിത്, ന്യൂനപക്ഷ വിഭാഗങ്ങളിൽ പെടുന്നവരാണ് ഇങ്ങനെ ജയിലിൽ കഴിയുന്നവരിൽ ഭൂരിപക്ഷവും. അന്വേഷണ ഉദ്യോഗസ്ഥർ പലരും ഗുണ്ടാസംഘങ്ങളായി മാറി. ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും ഉദ്യോഗസ്ഥർ തെളിവ് നിർമിക്കുകയാണ്. വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചതിന് ജോലിയിൽ നിന്ന് പിരിച്ചുവിടപ്പെട്ട നാർക്കോ വിദഗ്ധൻ നിർമിച്ച തെളിവിലാണ് പല കേസുകളിലും ശിക്ഷയെന്നും ജോസി ജോസഫ് കൂട്ടിച്ചേർത്തു.
നിരപരാധികളെ കള്ളക്കേസിൽ കുടുക്കി വ്യാജ തെളിവുണ്ടാക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണം. പ്രൊഫഷണലുകളെ അടിച്ചമർത്തി ഉദ്യോഗസ്ഥർ ഗുണ്ടാസംഘങ്ങളായി മാറിയെന്നും സത്യസന്ധമായ വിധിക്ക് ബോംബെ ഹൈക്കോടതി ജഡ്ജിമാർ ധൈര്യം കാട്ടിയെന്നും ജോസി ജോസഫ് വ്യക്തമാക്കി.