< Back
India
മൂന്ന് വർഷം ഒളിവിൽ കഴിഞ്ഞ കൊലക്കേസ് പ്രതി അറസ്റ്റിൽ
India

മൂന്ന് വർഷം ഒളിവിൽ കഴിഞ്ഞ കൊലക്കേസ് പ്രതി അറസ്റ്റിൽ

Web Desk
|
2 July 2025 8:13 PM IST

മുൽക്കി വിജയ് സന്നിധി ഹൈവേക്ക് സമീപം നടന്ന കൊലപാതക കേസ് പ്രതി മുഹമ്മദ് മുസ്തഫ എന്ന മുസ്തയാണ്(36) അറസ്റ്റിലായത്

മംഗളൂരു: സുപ്രീം കോടതി ജാമ്യം റദ്ദാക്കിയതിനെത്തുടർന്ന് മൂന്ന് വർഷത്തോളം ഒളിവിൽ കഴിഞ്ഞ കൊലക്കേസ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുൽക്കി വിജയ് സന്നിധി ഹൈവേക്ക് സമീപം നടന്ന കൊലപാതക കേസ് പ്രതി മുഹമ്മദ് മുസ്തഫ എന്ന മുസ്തയാണ്(36) അറസ്റ്റിലായത്. 2020ൽ കർണാടക ഹൈകോടതിയിൽ നിന്ന് ജാമ്യം നേടിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

എന്നാൽ 2022 ഏപ്രിൽ 22-ന് സുപ്രീം കോടതി ജാമ്യം റദ്ദാക്കി. തുടർന്ന് പ്രതി വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് വിദേശത്തേക്ക് കടന്നതായി പറയുന്നു. 2020 ജൂൺ അഞ്ചിന് അബ്ദുൾ ലത്തീഫിനെ 10 പേർ ചേർന്ന് കൊലപ്പെടുത്തിയ കേസിൽ മുസ്തഫ പ്രതിയാണ്. കേസ് നിലവിൽ വിചാരണയിലാണ്. വ്യാജ രേഖകൾ ഉപയോഗിച്ച് മുസ്തഫ ഒമാനിലേക്ക് രക്ഷപ്പെട്ടതായും 2024 ഏപ്രിലിൽ നേപ്പാൾ വഴി അനധികൃതമായി ഇന്ത്യയിലേക്ക് വീണ്ടും കടന്നതായും പൊലീസ് അറിയിച്ചു.

അനധികൃത കുടിയേറ്റം, വ്യാജ രേഖകൾ ഉപയോഗിക്കൽ, വിചാരണയിൽ നിന്ന് ഒളിച്ചോടൽ തുടങ്ങിയ വിവിധ വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരെ പ്രത്യേക കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മംഗളൂരു, ചിക്കമഗളൂരു, ഉഡുപ്പി എന്നിവയുൾപ്പെടെ ഒന്നിലധികം ജില്ലകളിലായി ആകെ ഒമ്പത് ക്രിമിനൽ കേസുകൾ ഇയാൾക്കെതിരെ ഉണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു.

Similar Posts