
Photo| Special Arrangement
'ഭാരത് മാതാ കീ ജയ് വിളിക്കണം, പള്ളി അടച്ചുപൂട്ടണം'; ഇമാമിനെ ഭീഷണിപ്പെടുത്തി തീവ്ര യുവജന സംഘടനാ നേതാക്കൾ
|'ഇന്ത്യ കീ ജയ്' എന്ന് വിളിക്കാമെന്നും 'ഭാരത് മാതാ കീ ജയ്' എന്ന് വിളിക്കാനാവില്ലെന്നും ഇമാം വ്യക്തമാക്കി.
ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ പള്ളി അടച്ചുപൂട്ടണമെന്നും ഭാരത് മാതാ കീ ജയ് വിളിക്കണമെന്നും ആവശ്യപ്പെട്ട് ഇമാമിനെ ഭീഷണിപ്പെടുത്തി തീവ്ര യുജവന സംഘടന. നഹർലാഗുനിലെ ജുമാ മസ്ജിദ് ഇമാമിനും സഹായിക്കും നേരെയാണ് അരുണാചൽ പ്രദേശ് ഇൻഡിജെനസ് യൂത്ത് അസോസിയേഷൻ (അപിയോ) നേതാക്കളുടെ ഭീഷണിയുണ്ടായത്. പള്ളി അനധികൃതമായാണ് പ്രവർത്തിക്കുന്നതെന്ന് ആരോപിച്ചാണ് ഭീഷണി.
വെള്ളിയാഴ്ചയാണ് അപിയോ പ്രസിഡന്റ് തരോ സോനം ലിയോക്കും ജനറൽ സെക്രട്ടറി തപോർ മെയിങ്ങും അടക്കമുള്ളവർ പള്ളിയിലെത്തിയത്. പള്ളി പ്രവർത്തിക്കുന്നത് നിയമവിരുദ്ധമായാണെന്ന് ആരോപിച്ച് ഇമാമിനോട് ആക്രോശിച്ച സംഘം, 'അടുത്തുള്ള മദീന മസ്ജിദ് പൂട്ടിയല്ലോ, നിങ്ങളെന്താണ് പൂട്ടാത്തത്' എന്നും ചോദിച്ചു. തുടർന്ന് വർഗീയ പരാമർശങ്ങളും നടത്തിയ ഇവർ, പള്ളി അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് അധികാരികളെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു.
'എല്ലാ മുസ്‌ലിംകളും തീവ്രവാദികളല്ല, എന്നാൽ എല്ലാ തീവ്രവാദികളും മുസ്‌ലിംകളാണ്' എന്നും ലിയോക് പറഞ്ഞു. തുടർന്ന്, ഇമാമിന്റെയും സഹായിയുടേയും ദേശീയത ചോദ്യം ചെയ്യുകയും ഭാരത് മാതാ കീ ജയ് മുദ്രാവാക്യം വിളിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. എന്നാൽ, ആവശ്യം നിരസിച്ച ഇമാം, 'ഇന്ത്യ സിന്ദാബാദ്' എന്ന് പറഞ്ഞു.
എന്നാൽ വീണ്ടും 'ഭാരത് മാതാ കീ ജയ്' വിളിക്കാനാവശ്യപ്പെട്ട ഇവർ, അങ്ങനെ വിളിച്ചില്ലെങ്കിൽ എങ്ങനെ ഇന്ത്യക്കാരനാകുമെന്നും ചോദിച്ചു. എനാൽ, 'ഇന്ത്യ കീ ജയ്' എന്ന് വിളിക്കാമെന്നും ഭാരത് മാതാ കീ ജയ് എന്ന് വിളിക്കാനാവില്ലെന്നും ഇമാം ആവർത്തിച്ചു. തനിക്ക് ഒരേയൊരു മാതാവേ ഉള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
ഇമാമായ അസം മോരിഗോന്‍ സ്വദേശി അസ്ഹറുദ്ദീനെയും യുപി ലഖിംപൂർ സ്വദേശിയായ സഹായിയേയുമാണ് അപിയോ നേതാക്കൾ ഭീഷണിപ്പെടുത്തിയത്. 1873ലെ ബംഗാൾ ഈസ്റ്റേൺ ഫ്രോണ്ടിയർ റെഗുലേഷൻ ആക്ട് പ്രകാരം ആവശ്യമായ ഇന്നർ ലൈൻ പെർമിറ്റ് ഇല്ലാതെ സംസ്ഥാനത്ത് പ്രവേശിച്ച ബംഗ്ലാദേശി മുസ്‌ലിങ്ങളാകാം നിങ്ങളെന്ന് ആരോപിച്ച്, ഇരുവരുടെയും പൗരത്വവും ഇവർ ചോദ്യം ചെയ്തു.
നഹർലഗുൺ ഹെലിപാഡിന് സമീപമുള്ള ജുമാ മസ്ജിദ് അനധികൃതമായി നിർമിച്ചതാണെന്ന് ആരോപിച്ച് നവംബർ 25ന് സംഘം ബന്ദ് പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നേരിട്ടെത്തി ഭീഷണിപ്പെടുത്തുകയും വർഗീയ- വിദ്വേഷ പരാമർശങ്ങൾ നടത്തുകയും ചെയ്തത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇതേക്കുറിച്ച് ഇതുവരെ പൊലീസ് പ്രതികരിച്ചിട്ടില്ല.