< Back
India
അസമയത്ത് റെയ്ഡ്: രാജസ്​ഥാനിൽ പോലീസുകാരന്റെ ചവിട്ടേറ്റ് നവജാത ശിശു മരിച്ചു
India

അസമയത്ത് റെയ്ഡ്: രാജസ്​ഥാനിൽ പോലീസുകാരന്റെ ചവിട്ടേറ്റ് നവജാത ശിശു മരിച്ചു

Web Desk
|
4 March 2025 12:36 PM IST

കൂലിത്തൊഴിലാളിയായ ഇമ്രാൻ ഖാന്റെ ഒരു മാസം പ്രായമുള്ള കുഞ്ഞ് അലിസ്ബയാണ് കൊല്ലപ്പെട്ടത്

ജയ്‌പൂർ: രാജസ്​ഥാനിൽ റെയ്​ഡിനിടെ പോലീസുകാരന്റെ ചവിട്ടേറ്റ് നവജാത ശിശു മരിച്ചു. പുലർച്ചെ പോലീസ് നടത്തിയ റെയ്ഡിനിടെയാണ് അമ്മയുടെ അരികിൽ കട്ടിലിൽ ഉറങ്ങുകയായിരുന്ന കുഞ്ഞ് കൊല്ലപ്പെട്ടത്. രണ്ട് പോലീസുകാർക്കെതിരെ കുടുംബം പരാതി നൽകി.

നൗഗാവ് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള രഘുനാഥ്ഗഡ് ഗ്രാമത്തിലാണ് സംഭവം. കൂലിത്തൊഴിലാളിയായ ഇമ്രാൻ ഖാന്റെ ഒരു മാസം പ്രായമുള്ള കുഞ്ഞ് അലിസ്ബയാണ് കൊല്ലപ്പെട്ടത്. ഇമ്രാൻ ഖാന്റെ വീട്ടിൽ രാവിലെ 6 മണിക്ക് പോലീസ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തുകയും, കുടുംബം ഉറങ്ങിക്കിടക്കുമ്പോൾ മുൻകൂട്ടി വിവരം നൽകാതെ അതിക്രമിച്ചു ഉള്ളിലേക്ക് കടക്കുകയും ചെയ്തു. അമ്മയുടെ അരികിൽ പുതപ്പിൽ പൊതിഞ്ഞ നിലയിൽ ഉറങ്ങുകയായിരുന്നു കുഞ്ഞ്. പോലീസുകാരന്റെ കാലിനടിയിൽ പെട്ട കുഞ്ഞ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

"ഞാൻ എന്റെ കുഞ്ഞു മകളുമായി കട്ടിലിൽ ഉറങ്ങുമ്പോൾ, പോലീസുകാർ പെട്ടെന്ന് മുറിയിലേക്ക് കയറി വന്നു. എന്നെ മുറിയിൽ നിന്ന് പുറത്താക്കി. എന്റെ ഭർത്താവിനെയും അവർ പുറത്താക്കി. അവർ എന്റെ കുഞ്ഞു മകളുടെ തലയിൽ ചവിട്ടി കൊന്നു," കുഞ്ഞിന്റെ അമ്മ റസിദ ഖാൻ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ഇത് കൊലപാതകമാണ്, തനിക്ക് നീതി വേണമെന്നും അവർ പറഞ്ഞു.

സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനായി പോലീസ് നടത്തിവരുന്ന പ്രചാരണത്തിന്റെ ഭാഗമായാണ് റെയ്ഡ് നടത്തിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ സൈബർ കുറ്റകൃത്യവുമായി ബന്ധപ്പെട്ട് ഇമ്രാൻ ഖാനെതിരെ കേസുകൾ ഒന്നും ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ല.

കുഞ്ഞിന്റെ കൊലപാതകത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം പോലീസിനെ സമീപിച്ചെങ്കിലും ഉദ്യോഗസ്ഥർ പ്രതികരിക്കാൻ തയ്യാറായില്ലെന്നും കുടുബം ആരോപിച്ചു. ആൽവാർ എസ്പി (റൂറൽ) യുടെ വസതിയിൽ ഗ്രാമവാസികൾ പ്രതിഷേധ പ്രകടനം നടത്തിയതിനു ശേഷമാണ് പേര് വെളിപ്പെടുത്താത്ത പോലീസ് ഉദ്യോഗസ്ഥർക്കെതിരെ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. റെയ്ഡിനെത്തിയ ഉദ്യോഗസ്ഥർക്കൊപ്പം വനിതാ പോലീസ് ഉദ്യോഗസ്ഥർ ഇല്ലായിരുന്നുവെന്നും കുടുംബം ആരോപിച്ചിട്ടുണ്ട്.

പ്രതിപക്ഷ നേതാവ് ടികാറാം ജൂലി കൊലപാതകത്തെ അപലപിക്കുകയും പോലീസ് ഭീകരരെപ്പോലെയാണ് പെരുമാറുന്നതെന്ന് ആരോപിക്കുകയും ചെയ്തു.


Similar Posts