< Back
India
പാൻ്റ്സ് അഴിച്ച് മതം നിർണയിച്ചു; ഇഷ്ടികയും വടിയും കൊണ്ട് അടിച്ചു, നഖങ്ങൾ പറിച്ചെടുത്ത് കൈ തല്ലിയൊടിച്ചു; ബിഹാറിൽ ആൾക്കൂട്ട ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു
India

പാൻ്റ്സ് അഴിച്ച് മതം നിർണയിച്ചു; ഇഷ്ടികയും വടിയും കൊണ്ട് അടിച്ചു, നഖങ്ങൾ പറിച്ചെടുത്ത് കൈ തല്ലിയൊടിച്ചു; ബിഹാറിൽ ആൾക്കൂട്ട ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു

Web Desk
|
14 Dec 2025 3:12 PM IST

  • അക്രമികൾ ഇയാളുടെ വിരലുകൾ ഒടിക്കുകയും, ദേഹം പൊള്ളിക്കുകയും ചെയ്തു

ബിഹാർ: ബിഹാറിലെ നവാഡയിൽ ആൾക്കൂട്ട ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചു. മുഹമ്മദ് അത്തർ ഹുസൈനാണ് വെള്ളിയാഴ്ച രാത്രി മരിച്ചത്. ഡിസംബർ 5ന് നടന്ന ആക്രമണത്തിൽ പരിക്കേറ്റ ഇയാൾ ചികിത്സയിലായിരുന്നു. കച്ചവടം കഴിഞ്ഞ് ദുമ്രി ഗ്രാമത്തിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു അദ്ദേഹം. ആശുപത്രിയിൽ പ്രവേശിപ്പിച്ച് ആറ് ദിവസത്തിന് ശേഷമാണ് മരണം. സംഭവത്തിൽ 25 പേർക്കെതിരെ കേസെടുത്തു.

അക്രമികൾ ഇയാളോട് പേര് ചോദിക്കുകയും മതപരമായ വ്യക്തിത്വം വെളിപ്പെടുത്താൻ ആവശ്യപ്പെടുകയും ചെയ്തു എന്നാണ് മുഹമ്മദ് അത്തർ ഹുസൈൻ മരിക്കുന്നതിന് മുമ്പ് നൽകിയ മൊഴിയിൽ പറയുന്നത്. ഇതിന് ശേഷം സൈക്കിളിൽ നിന്ന് ബലമായി വലിച്ചിറക്കി 8,000 രൂപ മോഷ്ടിച്ചതായും പറയുന്നു. ആക്രമികൾ ഇയാളുടെ വിരലുകൾ ഒടിക്കുകയും, ദേഹം പൊള്ളിക്കുകയും ചെയ്തു.

അത്തർ ഹുസൈനിൻ്റെ കൈകാലുകൾ കെട്ടിയ ശേഷം ഒരു മുറിയിൽ പൂട്ടിയിട്ടു. ഇഷ്ടികകളും വടികളും ഉപയോഗിച്ച് അടിച്ചു. കൈകൾ ഒടിക്കുകയും നഖങ്ങൾ കട്ടിങ് പ്ലേയർ ഉപയോ​ഗിച്ച് പറിച്ചെടുക്കുകയും ചെയ്തു. നെഞ്ചിൽ ചവിട്ടി വീഴ്ത്തിയ ശേഷം, ദേഹത്ത് പെട്രോൾ ഒഴിച്ച് കത്തിച്ചു. ശരീരത്തിന്റെ പല ഭാഗങ്ങളിലും ചൂടുള്ള ഇരുമ്പ് വടി കൊണ്ട് അടിച്ചു.

തന്നെ ഒരു മുറിയിൽ കൊണ്ടുപോയി പൂട്ടിയിടുകയും, മുസ്‌ലിം മാണെന്ന് ഉറപ്പാക്കാൻ പാന്റ്സ് തുറക്കാൻ ആവശ്യപ്പെടുകയും ചെയതുവെന്നും മൊഴിയിലുണ്ട്. ആരോ പൊലീസിനെ വിളിച്ചത് കൊണ്ടാണ് താൻ രക്ഷപ്പെട്ടതെന്നും മുഹമ്മദ് അത്തർ ഹുസൈനിൻ പറയുന്നു.

റോഹിലും പരിസര പ്രദേശങ്ങളിലും 20 വർഷമായി വസ്ത്രങ്ങൾ വിറ്റു ജീവിച്ചു വരികയാണ് അത്തർ. തന്റെ കുടുംബത്തിലെ ഏക ആശ്രയം താനാണെന്നും കുടുംബത്തെ പരിപാലിക്കാൻ ആരുമില്ലെന്നും മരിക്കുന്നതിന് അത്തർ മുമ്പ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

കേസിൽ സോനു കുമാർ, രഞ്ജൻ കുമാർ, സച്ചിൻ കുമാർ, ശ്രീ കുമാർ എന്നീ നാല് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റുള്ളവർക്കായുള്ള അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. അത്തറിനെ ആദ്യം നവാഡ സദർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും നില വഷളായതിനെ തുടർന്ന് മറ്റൊരു ആശുപ്രിയിലേക്ക് മാറ്റുകയും ചെയ്തു. സംഭവത്തിന് ശേഷം ഇയാൾക്കെതിരെ മോഷണക്കുറ്റം ആരോപിച്ച് സിക്കന്ദർ യാദവ് എന്നയാൾ പരാതി നൽകി. അത്തർ, സ്വർണ വള, മംഗളസൂത്രം, വെള്ളി അരക്കെട്ട്, പിച്ചള പാത്രങ്ങൾ എന്നിവ മോഷ്ടിച്ചതായെന്നാണ് പരാതി.

Similar Posts