< Back
India
ബംഗ്ലാദേശിയെന്ന് ആരോപണം; മംഗളൂരുവിൽ മുസ്‌ലിം യുവാവിന് ആൾക്കൂട്ട മർദ്ദനം
India

ബംഗ്ലാദേശിയെന്ന് ആരോപണം; മംഗളൂരുവിൽ മുസ്‌ലിം യുവാവിന് ആൾക്കൂട്ട മർദ്ദനം

ലാൽകുമാർ
|
13 Jan 2026 11:03 AM IST

ഇയാൾ 15 വർഷമായി മംഗളൂരുവിൽ ജോലി ചെയ്തു വരികയായിരുന്നു

ന്യൂഡൽഹി: ബംഗ്ലാദേശിയാണെന്ന് ആരോപിച്ച് കർണാടകയിലെ മംഗളൂരുവിൽ മുസ്‌ലിം കുടിയേറ്റ തൊഴിലാളിയെ ആക്രമിച്ചു. പൗരത്വത്തിന് തെളിവ് ആവശ്യപ്പെട്ടായിരുന്നു മർദനം. ജാർഖണ്ഡിൽ നിന്നുള്ള ദിൽജൻ അൻസാരിയോയാണ് ആൾക്കൂട്ട ആക്രമിച്ചത്. ഇയാൾ കഴിഞ്ഞ15 വർഷമായി മംഗളൂരുവിൽ ജോലി ചെയ്തു വരികയായിരുന്നു.

മംഗളൂരുവിലെ കാവൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഞായറാഴ്ച വൈകുന്നേരം 6.30നാണ് സംഭവം. ജാർഖണ്ഡിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളിയെ നാല് ഹിന്ദുക്കൾ ചേർന്ന് ആക്രമിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. അക്രമികൾ ഇയാളോട് എല്ലാത്തരം തെളിവുകളും കാണിക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും മംഗളൂരു പൊലീസ് കമ്മീഷണർ സുധീർ കുമാർ റെഡ്ഡി പറഞ്ഞു.

അക്രമികൾ അൻസാരിയെ മർദ്ദിച്ചതായും പ്രാദേശത്തെ ഒരു സ്ത്രീ രക്ഷപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഭയം കാരണം ഇയാൾ പരാതി നൽകിയിരുന്നില്ല. എന്നാൽ മറ്റു ചിലർ ഇത് ലോക്കൽ പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. അൻസാരി ഇന്ത്യക്കാരനാണെന്നും ജോലിക്കായി മംഗളൂരുവിൽ എത്തിയതാണെന്നും സ്ഥിരീകരിച്ചതായി സുധീർ കുമാർ റെഡ്ഡി പറഞ്ഞു.

കുളൂർ നിവാസികളായ സാഗർ, ധനുഷ്, ലാലു (രതിഷ്), മോഹൻ എന്നിവരാണ് പ്രതികളെന്ന് തിരിച്ചറിഞ്ഞു. ഇവർ ഹിന്ദുത്വ സംഘടന അംഗങ്ങളാണെന്നാണ് സംശയം. പ്രതികൾ ‌നാലുപേരും ഒളിവിലാണ്.

ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) യുടെ സെക്ഷൻ 126(2) , 109 , 352, 351(3), 353, 118(1) r/w 3(5) എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കൂടുതൽ സന്ദർശകരെ ആകർഷിക്കുന്നതിനും പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനുമായി ടൂറിസം നയം പുറത്തിറക്കാൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നഗരത്തിൽ എത്തിയ അതേ ദിവസമാണ് ആക്രമണം നടന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ രാജ്യത്തെ വിവിധ ഇടങ്ങളിലാണ് ഇത്തരം അക്രമങ്ങൾ നടന്നത്.

Similar Posts