
യുവാവിനെയും മകനെയും വ്യാജ ഏറ്റുമുട്ടലിൽ വധിച്ച സംഭവം; ഗുജറാത്തിൽ ഏഴ് പൊലീസുക്കാർക്കെതിരെ കേസ്
|ഹനീഫ് ഖാനും മകൻ മദീൻ ഖാനും കൊല്ലപ്പെട്ട ഗെഡിയ ഗ്രാമത്തിലെ വിവാദമായ പൊലീസ് നടപടിയുമായി ബന്ധപ്പെട്ട് കോടതി നിർദ്ദേശ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്
അഹമ്മദാബാദ്: നാല് വർഷം പഴക്കമുള്ള ഏറ്റുമുട്ടൽ കൊലപാതകത്തിൽ ഗുജറാത്തിലെ ബജാന പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ഉൾപ്പെടെ ഏഴ് പൊലീസുകാർക്കെതിരെ കേസ്. ഹനീഫ് ഖാനും മകൻ മദീൻ ഖാനും കൊല്ലപ്പെട്ട ഗെഡിയ ഗ്രാമത്തിലെ വിവാദമായ പൊലീസ് നടപടിയുമായി ബന്ധപ്പെട്ട് കോടതി നിർദ്ദേശ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ഗുജ്‌സിറ്റോക് നിയമപ്രകാരം പ്രതിയായ ഹനീഫ് ഖാൻ പട്ട്ഡിയിലെ ഗെഡിയ ഗ്രാമത്തിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. പൊലീസ് രേഖകൾ പ്രകാരം അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഹനീഫ് ഖാൻ ഉദ്യോഗസ്ഥരെ ആക്രമിക്കുകയും പ്രതികാര നടപടിയായി വെടിയുതിർത്തതിൽ ഹനീഫ് ഖാനും മകനും കൊല്ലപ്പെടുകയായിരുന്നു. എന്നാല്‍ ഇത് വ്യാജ ഏറ്റുമുട്ടല്‍ കൊലയാണെന്ന് ചൂണ്ടിക്കാട്ടി ഹനീഫ് ഖാന്റെ മകള്‍ സുഹാന കോടതിയെ സമീപിച്ചു. ട്രാക്ടര്‍ പാടത്തേക്ക് കൊണ്ടുപോവാന്‍ ഡീസല്‍ നിറയ്ക്കുമ്പോള്‍ ഹനീഫ്ഖാനെ പൊലീസ് പിടിച്ചു കൊണ്ടുപോയി വെടിവച്ചു കൊന്നെന്നാണ് ഹർജിയിൽ പറയുന്നത്. ഹനീഫ് ഖാനെ പിടിക്കുമ്പോള്‍ തടഞ്ഞ ജനക്കൂട്ടത്തിനെതിരെ പൊലീസ് കേസെടുത്തതായും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
ഗുജറാത്ത് ഹൈക്കോടതിയിൽ കുടുംബം നൽകിയ ഹർജി 2025 ഏപ്രിലിൽ ധ്രംഗധ്ര കോടതി ഉദ്യോഗസ്ഥർക്കെതിരെ ഔപചാരികമായി പരാതി നൽകാൻ ഉത്തരവിട്ടു. കോടതി നിർദ്ദേശത്തെത്തുടർന്ന് വ്യാഴാഴ്ച വൈകുന്നേരം കേസ് ഫയൽ ചെയ്തു. വിരേന്ദ്രസിംഹ് ജഡേജ, രാജേഷ് സാവ്ജിഭായ്, ശൈലേഷ് പഹ്ലാദ്ഭായ്, കിരിത് ഗണേഷ്ഭായ്, ദിഗ്‌വിജയ്‌സിങ്, ഗോവിന്ദ്ഭായ്, പ്രഹ്ലാദ് പ്രഭുഭായ് എന്നീ പൊലീസുക്കാർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. 'ഞങ്ങൾക്ക് നീതിന്യായ വ്യവസ്ഥയിൽ വിശ്വാസമുണ്ട്. എന്റെ അച്ഛനെയും സഹോദരനെയും കൊന്ന പൊലീസിനെതിരെ കോടതി കർശന നടപടി സ്വീകരിക്കും.' ഹനീഫ് ഖാന്റെ മകൾ സുഹാന പറഞ്ഞു.