< Back
India
muslims wear mask of tolerant for governor, vp posts
India

ഉപരാഷ്ട്രപതി, ഗവർണർ പദവികൾക്കായി ചില മുസ്‌ലിംകൾ സഹിഷ്ണുതയുടെ മുഖംമൂടി അണിയുന്നു: കേന്ദ്രമന്ത്രി

Web Desk
|
9 May 2023 4:47 PM IST

സഹിഷ്ണുതയുള്ള മുസ്‌ലിംകൾ വിരലിൽ എണ്ണാവുന്നവർ മാത്രമാണെന്നും അത് സ്വന്തം നേട്ടങ്ങൾക്ക് വേണ്ടിയാണെന്നും കേന്ദ്രമന്ത്രി സത്യപാൽ ബഘേൽ പറഞ്ഞു.

ന്യൂഡൽഹി: ഉപരാഷ്ട്രപതി, ഗവർണർ പദവികൾ ലഭിക്കാനായി ചില മുസ്‌ലിംകൾ സഹിഷ്ണുതയുടെ മുഖംമൂടി അണിയുകയാണെന്ന് കേന്ദ്ര നിയമ നീതിന്യായ സഹമന്ത്രി സത്യപാൽ സിങ് ബഘേൽ. സഹിഷ്ണുതയുള്ള മുസ്‌ലിംകൾ വിരലിലെണ്ണാവുന്നവർ മാത്രമാണെന്നും അവരുടെ എണ്ണം ആയിരങ്ങൾ പോലും വരില്ലെന്നും മന്ത്രി പറഞ്ഞു. ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ഘടന ഹിന്ദുരാഷ്ട്രമാണെന്നും ന്യൂഡൽഹി മഹാരാഷ്ട്ര സദനിൽ ആർ.എസ്.എസ് സംഘടിപ്പിച്ച 'നാരദ പത്രകാർ സമ്മാൻ സമാരോഹ്' പരിപാടിയിൽ ബഘേൽ പറഞ്ഞു.

''സഹിഷ്ണുതയുള്ള മുസ്‌ലിംകൾ വിരലിലെണ്ണാവുന്നവർ മാത്രമാണ്. അവരുടെ എണ്ണം ആയിരങ്ങൾ പോലും വരില്ല. അതും പൊതുസമൂഹത്തിൽ ജീവിക്കാനുള്ള ഒരു തന്ത്രമാണ്. ഗവർണർ, വൈസ് പ്രസിഡന്റ്, വൈസ് ചാൻസലർ തുടങ്ങിയ പദവികൾക്ക് വേണ്ടിയാണ് അവർ ഈ മുഖംമൂടി അണിയുന്നത്. പക്ഷെ, അവിടെനിന്ന് വിരമിച്ചുകഴിഞ്ഞാൽ അവർ വീണ്ടും പഴയ രീതിയിലേക്ക് മടങ്ങും''-മന്ത്രി പറഞ്ഞു.

പരിപാടിയിൽ സംബന്ധിച്ച ഇൻഫർമേഷൻ കമ്മീഷണർ ഉദയ് മഹൂർകർ ഇന്ത്യ ഇസ്‌ലാമിക മതമൗലികവാദത്തിനെതിരെ പൊരുതുമ്പോൾ തന്നെ അക്ബറിനെ പോലെ സഹിഷ്ണുതയുള്ള മിതവാദികളും ആധുനികവാദികളുമായ മുസ്‌ലിംകളെ ചേർത്തുപിടിക്കണമെന്ന് ആവശ്യപ്പെട്ടതിനോടുള്ള പ്രതികരണമായിരുന്നു മന്ത്രിയുടെ പരാമർശം.

ഹിന്ദു ഭൂരിപക്ഷ പ്രദേശമായ അഖണ്ഡ ഭാരതം ഭരിക്കാനുള്ള അക്ബറിന്റെ തന്ത്രമായിരുന്നു സഹിഷ്ണുതയെന്ന് ബഘേൽ പറഞ്ഞു. മതവികാരം വ്രണപ്പെടുത്തിക്കൊണ്ട് തനിക്കിവിടെ ഭരിക്കാനാവില്ലെന്ന് അക്ബറിന് അറിയാമായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹം സഹിഷ്ണുതയുടെ മുഖംമൂടിയണിഞ്ഞു. അക്ബർ യഥാർഥ മതേതരവാദി ആയിരുന്നെങ്കിൽ ചിറ്റോർഗഢ് കൂട്ടക്കൊല സംഭവിക്കുമായിരുന്നില്ല. ദീനെ ഇലാഹി അദ്ദേഹത്തിന്റെ രാഷ്ട്രീയ നീക്കമായിരുന്നു. ജോധാഭായിയുമായുള്ള അദ്ദേഹത്തിന്റെ വിവാഹം പോലും ഒരു രാഷ്ട്രീയ വിവാഹമായിരുന്നു. അദ്ദേഹം മരിച്ചപ്പോൾ അവസാനം പറഞ്ഞ വാക്ക് 'യാ അല്ലാഹ്' എന്നായിരുന്നുവെന്നും ബഘേൽ പറഞ്ഞു.

Similar Posts