< Back
India
Nadda’s meeting with Karpoori Thakur’s son Ram Nath fuels buzz on Jagdeep Dhankhars successor
India

ആരാവും അടുത്ത ഉപരാഷ്ട്രപതി?; അഭ്യൂഹങ്ങൾക്കിടെ രാംനാഥ് ഠാക്കൂറുമായി കൂടിക്കാഴ്ച നടത്തി ജെ.പി നഡ്ഡ

Web Desk
|
24 July 2025 9:10 AM IST

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വിശ്വസ്തനായ രാംനാഥ് ഠാക്കൂർ സോഷ്യലിസ്റ്റ് നേതാവും ബിഹാർ മുൻ മുഖ്യമന്ത്രിയുമായ കർപ്പൂരി ഠാക്കൂറിന്റെ മകനാണ്.

ന്യൂഡൽഹി: ജഗ്ദീപ് ധൻഘഡ് രാജിവെച്ചതിന് പിന്നാലെ പുതിയ ഉപരാഷ്ട്രപതി സ്ഥാനാർഥിക്കായി ചർച്ച തുടങ്ങി എൻഡിഎ. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ തുടങ്ങിയതായി തെരഞ്ഞെടുപ്പ് കമ്മീഷൻ ബുധനാഴ്ച വ്യക്തമാക്കിയിരുന്നു. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി അപ്രതീക്ഷിതമായാണ് ധൻഘഡ് ഉപരാഷ്ട്രപതി സ്ഥാനം രാജിവെച്ചത്. എന്നാൽ ബിജെപി നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയാണ് രാജിക്ക് കാരണമെന്നും റിപ്പോർട്ടുകളുണ്ട്. ഉപരാഷ്ട്രപതിയുടെ രാജിയിൽ വിശദീകരണം ആവശ്യപ്പെട്ട് പ്രതിപക്ഷമായ ഇൻഡ്യ സഖ്യവും രംഗത്തെത്തിയിട്ടുണ്ട്.

കേന്ദ്ര മന്ത്രിയും ജെഡിയു നേതാവുമായ രാംനാഥ് ഠാക്കൂറിനെയാണ് എൻഡിഎ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് എന്നാണ് സൂചന. ബിജെപി അധ്യക്ഷൻ ജെ.പി നഡ്ഡ ബുധനാഴ്ച രാംനാഥ് ഠാക്കൂറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

രാജ്യം ഭാരതരത്‌ന നൽകി ആദരിച്ച സോഷ്യലിസ്റ്റ് നേതാവും ബിഹാർ മുൻ മുഖ്യമന്ത്രിയുമായ കർപ്പൂരി ഠാക്കൂറിന്റെ മകനാണ് രാംനാഥ് ഠാക്കൂർ. രാജ്യസഭാ എംപിയായ ഠാക്കൂർ നിലവിൽ കേന്ദ്ര കൃഷി വകുപ്പ് സഹമന്ത്രിയാണ്. ബാർബർ സമുദായക്കാരനായ രാംനാഥ് ഠാക്കൂർ ബിഹാറിലെ അതീവ പിന്നാക്ക വിഭാഗത്തിൽപ്പെട്ട ആളാണ്. ബിഹാർ ജനസംഖ്യയുടെ 36 ശതമാനത്തിലധികവും അതീവ പിന്നാക്കക്കാരാണ്. രാംനാഥ് ഠാക്കൂറിനെ ഉപരാഷ്ട്രപതിയാക്കിയാൽ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റം സൃഷ്ടിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ബിജെപി നേതൃത്വം.

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അടുത്തയാളാണ് രാംനാഥ് ഠാക്കൂർ. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പാണ് രാംനാഥിന്റെ പിതാവ് കർപ്പൂരി ഠാക്കൂറിനെ മോദി സർക്കാർ ഭാരതരത്‌ന നൽകി ആദരിക്കാൻ തീരുമാനിച്ചത്. മന്ദിർ-മണ്ഡൽ രാഷ്ട്രീയത്തിന്റെ തുടർച്ചയായാണ് ബിജെപി ബിഹാറിൽ ഇതിനെ ഉയർത്തിക്കാട്ടിയത്.

Similar Posts