< Back
India
Former Delhi lieutenant governor Najeeb Jung expresses disappointment with Justice D Y Chandrachud’s verdict on the Ram Mandir, adding that it would create further problems within the country, Babri case
India

ബാബരി കേസിൽ ജ. ചന്ദ്രചൂഡിന്റെ വിധി നിരാശപ്പെടുത്തി; രാജ്യത്ത് കൂടുതൽ കുഴപ്പങ്ങൾ സൃഷ്ടിക്കും-നജീബ് ജങ്

Web Desk
|
3 Dec 2024 10:31 AM IST

ഷാബാനു കേസിലെ രാജീവ് ഗാന്ധി സർക്കാരിന്റെ നിലപാടാണ് രാമജന്മഭൂമി പ്രക്ഷോഭം ശക്തിപ്പെടുത്തിയതെന്നും ഡൽഹി മുൻ ലഫ്റ്റനന്റ് ഗവർണർ പറഞ്ഞു

മുംബൈ: ബാബരി-രാമജന്മഭൂമി കേസിൽ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ വിധി നിരാശപ്പെടുത്തിയെന്ന് ഡൽഹി മുൻ ലഫ്റ്റനന്റ് ഗവർണർ നജീബ് ജങ്. ഇതു രാജ്യത്ത് കൂടുതൽ കുഴപ്പങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഷാബാനു കേസിൽ രാജീവ് ഗാന്ധി സർക്കാരിന്റെ നിലപാടാണ് രാമജന്മഭൂമി പ്രക്ഷോഭം ശക്തിപ്പെടുത്തിയതെന്നും ജങ് അഭിപ്രായപ്പെട്ടു.

മുംബൈയിൽ 'ബോഗിലാൽ ലെഹെർചന്ദ്-എ.ഡി ഷ്‌റോഫ് അനുസ്മരണത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു നജീബ് ജങ്. ബാബരി കേസിൽ അന്ന് ചീഫ് ജസ്റ്റിസായിരുന്ന ഡി.വൈ ചന്ദ്രചൂഡിന്റെ വിധി നിരാശപ്പെടുത്തുന്നതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് കൂടുതൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കാൻ പോന്നതാണ് ഈ വിധി. ഇക്കാര്യത്തിൽ പുനഃപരിശോധനാ ഹരജിയിലൂടെ ജ. ചന്ദ്രചൂഡിന്റെ വിധി അസാധുവാക്കിയില്ലെങ്കിൽ പ്രശ്‌നങ്ങൾ ഇവിടെയൊന്നും അവസാനിക്കില്ല. തർക്കം നിലനിൽക്കുന്ന 1,800ഓളം പള്ളികൾ രാജ്യത്തുണ്ടെന്നും ജങ് ചൂണ്ടിക്കാട്ടി.

ഇതൊന്നും ഒരിക്കലും രാജ്യത്തെ സാമ്പത്തിക വളർച്ചയ്ക്കു ഗുണമാകില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഏകാധിപത്യ ഭരണത്തിനു കീഴിൽ പതിവു സംഭവമായ മനുഷ്യാവകാശ ലംഘനങ്ങൾ പൗരന്മാരുടെ ദാരിദ്ര്യം കൂട്ടുകയാണു ചെയ്തത്. ധാർമികതയുള്ള സമൂഹം മത, ജാതി, വർഗ, ലിംഗ വേർതിരിവില്ലാതെ ഓരോ വ്യക്തിയുടെയും ആത്മാഭിമാനത്തെയും അന്തസ്സിനെയും സ്വയം കർതൃത്വത്തെയുമെല്ലാം വകവച്ചുകൊടുക്കുകയും ആദരിക്കുകയും ചെയ്യും. മത-ജാതി അധിക്ഷേപങ്ങൾ നടത്തുന്ന നേതാക്കളെ രാഷ്ട്രീയത്തിൽനിന്നു നിരോധിക്കണമെന്നും അഴിമതിക്കാരെയും ക്രിമിനലുകളെയും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്നു തടയണമെന്നും ജങ് ആവശ്യപ്പെട്ടു.

അതേസമയം, 1985ൽ രാജീവ് ഗാന്ധി സർക്കാർ നടത്തിയ തിടുക്കപ്പെട്ടുള്ള പ്രതികരണമാണ് രാജ്യത്ത് വർഗീയത വളർത്തിയതെന്നും നജീബ് ജങ് പറഞ്ഞു. രാമജന്മഭൂമി 100 വർഷം പഴക്കമുള്ള പ്രക്ഷോഭമായിരുന്നു. ഷാബാനു കേസിനു ശേഷമാണ് അതു ശക്തി പ്രാപിച്ചതെന്നും നജീബ് ജങ് അഭിപ്രായപ്പെട്ടു.

Summary: Former Delhi lieutenant governor Najeeb Jung expresses disappointment with Justice DY Chandrachud’s verdict on the Ram Mandir, adding that it would create further problems within the country

Similar Posts