< Back
India
മുഴുവൻ എം.പിമാരോടും നാളെ ഡൽഹിയിലെത്താൻ നിർദേശം; എ.ഐ.സി.സി ആസ്ഥാനത്തെ പൊലീസ് നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്
India

മുഴുവൻ എം.പിമാരോടും നാളെ ഡൽഹിയിലെത്താൻ നിർദേശം; എ.ഐ.സി.സി ആസ്ഥാനത്തെ പൊലീസ് നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്

Web Desk
|
18 Jun 2022 6:29 AM IST

രാഹുൽ ഗാന്ധിയെ ഇ.ഡി തിങ്കളാഴ്ച ചോദ്യം ചെയ്യും

ഡൽഹി: എ.ഐ.സി.സിആസ്ഥാനത്തെ ഡൽഹി പൊലീസ് നടപടിക്ക് എതിരെ പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്. രാജ്യവ്യാപകമായി ബ്ലോക്ക് തലങ്ങളിൽ ഇന്ന് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിക്കും. നാളെ മുഴുവൻ എംപിമാരോടും ഡൽഹിയിൽ എത്താൻ കോൺഗ്രസ് ദേശീയ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.

രാഹുൽ ഗാന്ധിയെ വീണ്ടും ചോദ്യം ചെയ്യുന്ന തിങ്കളാഴ്ചയും നാഷണൽ ഹെറാൾഡ് കേസിൽ ഇഡിക്ക് എതിരായ സമരം കോൺഗ്രസ് ശക്തമാക്കും. നിരോധനാജ്ഞ മുൻനിർത്തി എഐസിസി ആസ്ഥാനത്തിനു മുമ്പിൽ സമരത്തിന് അനുമതി നിഷേധിച്ചാൽ എംപിമാരുടെ വീടുകൾ കേന്ദ്രീകരിച്ചുള്ള സമരമാണ് തിങ്കളാഴ്ച നടക്കുക. ഇതിനായാണ് എം.പിമാരോട് നാളെ ഡൽഹിയിൽ എത്താൻ കോൺഗ്രസ് ദേശീയ നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. ഓരോ എംപിയുടെ വീട്ടിലും പത്ത് പ്രവർത്തകർ വീതം തിങ്കളാഴ്ച പ്രതിഷേധത്തിൽ പങ്കെടുക്കും. അന്നേ ദിവസം വൈകീട്ട് രാഷ്ട്രപതിയെ കണ്ട് എ.ഐ.സി.സി ആസ്ഥാനത്തെ ഡൽഹി പൊലീസ് നടപടിക്ക് എതിരെ പരാതി നൽകാനും കോൺഗ്രസ് നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.

രാഹുൽ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നത് അനന്തമായി നീളുന്നതിനെതിരെ ഇന്നലെ കോൺഗ്രസ് രാജ്യവ്യാപകമായി നടത്തിയ പ്രതിഷേധങ്ങൾ പലതും അക്രമ സംഭവങ്ങളിലാണ് അവസാനിച്ചത്. റോഡുകൾ ഉപരോധിച്ച പ്രവർത്തകർ പലയിടത്തും വാഹനങ്ങളും തകർത്തിട്ടുണ്ട്. ദേശീയ തലത്തിൽ രാഷ്ട്രീയമായി കേന്ദ്ര സർക്കാറിന് മേൽ സമ്മർദ്ദം സൃഷ്ടിക്കാൻ ആണ് കോൺഗ്രസിന്റെ നീക്കം. എന്നാൽ നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട അന്വേഷണം മുന്നോട്ട് കൊണ്ട് പോകാൻ തന്നെയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൻറെയും കേന്ദ്ര സർക്കാരിന്റെയും തീരുമാനം.

Similar Posts