
നാഷണൽ ഹെറാൾഡ് കേസ്; സോണിയയും രാഹുലും കള്ളപ്പണം വെളുപ്പിച്ചെന്ന് ഇഡി
|കോൺഗ്രസ് നേതാക്കൾ 142 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടെന്ന് ഡൽഹി കോടതിയിൽ വ്യക്തമാക്കി.
ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് പ്രഥമദൃഷ്‌ട്യ കേസെടുത്തിട്ടുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വിഷയത്തിൽ കേസ് പരിഗണിക്കണോ വേണ്ടയോ എന്നതിനെക്കുറിച്ചുള്ള പ്രാഥമിക വാദങ്ങൾക്കിടെയാണ് സ്പെഷ്യൽ ജഡ്ജി വിശാൽ ഗോഗ്നെയ്ക്ക് മുമ്പാകെ ഇഡി ഈ വാദം ഉന്നയിച്ചത്.
ഏജൻസിക്കുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ(എഎസ്ജി) എസ്.വി രാജു കോൺഗ്രസ് നേതാക്കൾ 142 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടെന്ന് ഡൽഹി കോടതിയിൽ വ്യക്തമാക്കി.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തത്.
പട്ടികയിൽ ഉൾപ്പെടുത്തിയ കുറ്റകൃത്യത്തിൽനിന്ന് നേടിയ സ്വത്തുക്കൾക്ക് മാത്രമല്ല, ഈ വരുമാനവുമായി ബന്ധമുള്ള മറ്റു കുറ്റകൃത്യങ്ങളിൽ നിന്ന് ലഭിച്ച പണവും ഇതിൽ ഉൾപ്പെടുമെന്ന് എഎസ്ജി പറഞ്ഞു.
ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയുടെ സ്വകാര്യ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇഡി കേസ് രജിസ്റ്റർ ചെയ്തത്.അതിനാൽ സുബ്രഹ്മണ്യൻ സ്വാമിക്ക് കേസിന്റെ കുറ്റപത്രത്തിന്റെ പകർപ്പ് നൽകാൻ ജഡ്ജി ഇഡിക്ക് നിർദേശം നൽകി.