
Photo-PTI
രാജ്യവ്യാപക തീവ്ര വോട്ടർപട്ടിക പരിഷ്കരണം ഉടന്‍; എസ്ഐആര്‍ ആദ്യം നടപ്പാക്കുക 2026ൽ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ
|എസ്ഐആര്‍ നീട്ടിവെയ്ക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളിയെന്ന റിപ്പോർട്ടും വരുന്നുണ്ട്.
ന്യൂഡല്‍ഹി: രാജ്യവ്യാപക തീവ്രവോട്ടർപട്ടിക പരിഷ്കരണം(SIR) ഉടൻ ആരംഭിക്കും. നവംബറിൽ തുടങ്ങുമെന്നാണ് സൂചന. 2026ൽ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലാകും ആദ്യം എസ്ഐആര്‍ നടപ്പിലാക്കുക.
അതേസമയം എസ്ഐആര്‍ നീട്ടിവെയ്ക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളിയെന്ന റിപ്പോർട്ടും വരുന്നുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗം ഡൽഹിയിൽ പുരോഗമിക്കുകയാണ്. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനുള്ള ഷെഡ്യൂള്‍ രണ്ട് ദിവസത്തിനുള്ളില്‍ തയ്യാറാകും. അടുത്ത നാലോ അഞ്ചോ ദിവസത്തിനുള്ളില്‍ സമയക്രമം കമ്മീഷന്‍ പ്രഖ്യാപിക്കും.
രാജ്യവ്യാപകമായി ഘട്ടം ഘട്ടമായി തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം പൂര്‍ത്തിയാക്കാനാണ് കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. ആദ്യ ഘട്ടത്തില്‍ അടുത്ത വര്‍ഷം നിയമസഭാ തെരെഞ്ഞെടുപ്പ് നടക്കുന്ന കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, പുതുച്ചേരി എന്നിവിടങ്ങളിലാകും തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം നടക്കുക.