
എട്ടാം ക്ലാസ് പുസ്തകത്തില്‍ 'ജുഡീഷ്യറിയിലെ അഴിമതി'; ക്ഷമാപണവുമായി എന്‍സിഇആര്‍ടി, പാഠഭാഗങ്ങള്‍ പിന്‍വലിക്കും
|ബന്ധപ്പെട്ട അധികാരികളുമായി കൂടിയാലോചിച്ചതിന് ശേഷം അധ്യായം പുനഃക്രമീകരിക്കുമെന്നും എൻസിഇആർടി വ്യക്തമാക്കി
ന്യൂഡല്‍ഹി: എട്ടാം ക്ലാസ് സോഷ്യല്‍ സയന്‍സ് പുസ്തകത്തില്‍ 'ജുഡീഷ്യറിയിലെ അഴിമതി'യെന്ന വിഷയം ഉള്‍പ്പെടുത്തിയ നടപടിയില്‍ ക്ഷമാപണവുമായി എന്‍സിഇആര്‍ടി. തികച്ചും അനുചിതമായ ഭാഗമാണെന്നും ബോധപൂര്‍വമുള്ള നടപടിയായിരുന്നില്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ജുഡീഷ്യല്‍ സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ആരെയും അനുവദിക്കില്ലെന്നും ഉചിതമായ നടപടി സ്വീകരിക്കുമെന്നുമുള്ള സുപ്രിംകോടതി വിമര്‍ശനത്തിന് പിന്നാലെയാണ് എന്‍സിഇആര്‍ടിയുടെ ഇടപെടല്‍.
'സോഷ്യല്‍ സയന്‍സ് പാഠപുസ്തകത്തിലെ സമൂഹത്തില്‍ ജുഡീഷ്യറിയുടെ പങ്ക് എന്ന ചാപ്റ്ററിലെ ചില ഭാഗങ്ങള്‍ അശ്രദ്ധമായി കൂട്ടിച്ചേര്‍ത്തതാണ്. കുട്ടികള്‍ക്കുള്ള പാഠപുസ്തകത്തില്‍ അങ്ങനെ സംഭവിക്കാന്‍ പാടില്ലായിരുന്നു. നിലവിലുള്ള പാകപ്പിഴ ബോധപൂര്‍വം സൃഷ്ടിച്ചതല്ല. സംഭവത്തില്‍ എന്‍സിഇആര്‍ടി ഖേദം പ്രകടിപ്പിക്കുന്നു. ഭരണഘടനാപരമായ സാക്ഷരത, ബഹുമാനം, ജനാധിപത്യമൂല്യങ്ങള്‍ എന്നിവ കുട്ടികള്‍ക്കിടയില്‍ ശക്തിപ്പെടുത്തുന്നതിനായാണ് എന്‍സിഇആര്‍ടിയുടെ ശ്രമമെന്ന് ആവര്‍ത്തിക്കുന്നു'. എന്‍സിഇആര്‍ടി പ്രസ്താവന പുറത്തിറക്കി.
സുപ്രിംകോടതിയുടെയും വിദ്യാഭ്യാസമന്ത്രാലയത്തിന്റേയും വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ, നേരത്തെ പുറത്തിറക്കിയ പുസ്തകങ്ങള്‍ പിന്‍വലിക്കുമെന്നും വിതരണം നിര്‍ത്തിവെക്കുമെന്നും എന്‍സിഇആര്‍ടിസി അറിയിച്ചു. ബന്ധപ്പെട്ട അധികൃതരുമായി കൂടിയാലോചിച്ച് അധ്യായം തിരുത്തിയെഴുതുമെന്നും കൂട്ടിച്ചേര്‍ത്തു.
നേരത്തെ, എട്ടാം ക്ലാസ് സോഷ്യല്‍മീഡിയ സയന്‍സ് പാഠപുസ്തകത്തില്‍ ജുഡീഷ്യറിയിലെ അഴിമതിയെന്ന വിഷയം ഉള്‍പ്പെടുത്തിയതിനെതിരെ സുപ്രിംകോടതി കടുത്ത വിമര്‍ശനമുന്നയിച്ചിരുന്നു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്വി, വിപുല്‍ എം.പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയം പരിശോധിച്ചത്. നീതിന്യായ വ്യവസ്ഥയെ അപകീര്‍ത്തിപ്പെടുത്താന്‍ ആരെയും അനുവദിക്കില്ലെന്നും ഇത് ആസൂത്രിതമായ നീക്കമാണെന്നും ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞിരുന്നു. സംഭവത്തില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തിയ സുപ്രിംകോടതി സ്വമേധയാ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. പിന്നാലെയാണ് എന്‍സിഇആര്‍ടിയുടെ ക്ഷമാപണം.