
അജിത് പവാറുമായി 'കോർത്ത'അഞ്ജന കൃഷ്ണ ഐപിഎസിന്റെ യോഗ്യത പരിശോധിക്കാൻ എൻസിപി
|തിരുവനന്തപുരം മലയിൻകീഴ് സ്വദേശിയാണ് അഞ്ജന കൃഷ്ണ. 2022-23 വർഷത്തെ സിവിൽ സർവീസ് പരീക്ഷയിൽ 355-ാം റാങ്ക് നേടിയാണ് സർവീസിലെത്തിയത്.
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ ഐപിഎസ് ഓഫീസർ അഞ്ജന കൃഷ്ണയെ ഭീഷണിപ്പെടുത്തിയതിന്റെ വീഡിയോ വൈറലായതിന് പിന്നാലെ, അവരുടെ യോഗ്യത തിരഞ്ഞ് എന്‍സിപിയും.
യുപിഎസ്‌സി വഴിയുള്ള അവരുടെ തെരഞ്ഞെടുപ്പിനെക്കുറിച്ച് ചോദ്യങ്ങളുമായി എന്‍സിപി അജിത് പവാര്‍ വിഭാഗം നേതാവ് അമോൽ മിത്കാരി രംഗത്ത് എത്തി. അഞ്ജന കൃഷ്ണയുടെ വിദ്യാഭ്യാസ യോഗ്യത, ജാതി സർട്ടിഫിക്കറ്റ്, മറ്റ് രേഖകൾ എന്നിവയുടെ സൂക്ഷ്മപരിശോധന വേണമെന്നാവശ്യപ്പെട്ട് യുപിഎസ്‌സി സെക്രട്ടറിക്ക് അമോൽ മിത്കാരി കത്തയച്ചു.
''അഞ്ജന കൃഷ്ണയുടെ യുപിഎസ്‌സി തെരഞ്ഞെടുപ്പിൽ സംശയങ്ങളുണ്ട്. ആഴത്തിലുള്ള അന്വേഷണം നടത്തി വസ്തുതകള്‍ കമ്മീഷന്‍ പരിശോധിക്കണം''-അമോൽ മിത്കാരി പറഞ്ഞു. വ്യാജ രേഖകൾ നേടിയ വിവാദ മുൻ ഐഎഎസ് ട്രെയിനി ഓഫീസർ പൂജ ഖേദ്കറുമായണ് മലയാളി കൂടിയായ അഞ്ജനയെ മിത്കാരി താരതമ്യം ചെയ്തത്. യുപിഎസ്‌സി അന്വേഷണം നടത്തി സത്യം പൊതുജനങ്ങൾക്ക് മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
തിരുവനന്തപുരം മലയിൻകീഴ് സ്വദേശിയാണ് അഞ്ജന കൃഷ്ണ. 2022-23 വർഷത്തെ സിവിൽ സർവീസ് പരീക്ഷയിൽ 355-ാം റാങ്ക് നേടിയാണ് സർവീസിലെത്തിയത്.
സോളാപുരിലെ ഒരു അനധികൃത ഖനനം തടയാനെത്തിയപ്പോഴാണ് അഞ്ജന കൃഷ്ണയെ അജിത് പവാർ ഫോണിൽ വിളിക്കുന്നത്. ഒരു എൻസിപി പ്രവർത്തകന്റെ ഫോണിലാണ് അജിത് പവാർ സംസാരിച്ചത്. ഉപമുഖ്യമന്ത്രിയാണ് സംസാരിക്കുന്നതെന്നും നടപടികൾ നിർത്തിവെക്കണമെന്നുമാണ് അജിത് പവാർ ആദ്യം ഫോണിലൂടെ പറഞ്ഞത്.
എന്നാൽ, അജിത് പവാറിന്റെ ശബ്ദം തിരിച്ചറിയാൻ അഞ്ജനക്ക് കഴിഞ്ഞില്ല. അതിനാൽ തന്റെ നമ്പരിലേക്ക് വിളിക്കാനും ഇവർ അജിത് പവാറിനോട് ആവശ്യപ്പെട്ടു. ഇതോടെ ഉപമുഖ്യമന്ത്രി കുപിതനായി. 'നിങ്ങൾക്കെതിരേ ഞാൻ നടപടി സ്വീകരിക്കും' എന്ന് അജിത് പവാർ പിന്നീട് ഉദ്യോഗസ്ഥയോട് പറഞ്ഞു. ഇതിന്റെ വീഡിയോ വൈറലാകുകയും ചെയ്തു.