< Back
India

India
മണിപ്പൂരിൽ നിർണായക നീക്കങ്ങൾ; കുകി പീപ്പിൾസ് അലയൻസ് സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു
|6 Aug 2023 8:40 PM IST
മണിപ്പൂരിൽ സംഘർഷം അവസാനിപ്പിക്കാൻ സർക്കാർ ശ്രമിക്കാത്തതിൽ പ്രതിഷേധിച്ചാണ് പിന്തുണ പിൻവലിച്ചത്.
ഇംഫാൽ: കലാപം രൂക്ഷമായി തുടരുന്ന മണിപ്പൂരിൽ നിർണായക രാഷ്ട്രീയ നീക്കങ്ങൾ. കുകി പീപ്പിൾസ് അലയൻസ് സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു. രണ്ട് എം.എൽ.എമാരാണ് കെ.പി.എക്ക് ഉള്ളത്. മണിപ്പൂരിൽ സംഘർഷം അവസാനിപ്പിക്കാൻ സർക്കാർ ശ്രമിക്കാത്തതിൽ പ്രതിഷേധിച്ചാണ് പിന്തുണ പിൻവലിച്ചത്. കെ.പി.എ പിന്തുണ പിൻവലിച്ചതുകൊണ്ട് സർക്കാരിന് ഭൂരിപക്ഷം നഷ്ടമാവില്ല.

അതിനിടെ സംഘർഷം രൂക്ഷമായി തുടരുന്ന സംസ്ഥാനത്തേക്ക് കേന്ദ്രസർക്കാർ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചു. അർധ സൈനിക വിഭാഗങ്ങളായ സി.ആർ.പി.എഫ്, ബി.എസ്.എഫ്, ഐ.ടി.ബി.പി, എസ്.എസ്.ബി എന്നിവയിലെ 10 കമ്പനികളെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനത്തേക്ക് അയച്ചതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.