< Back
India
അസമിൽ ജവഹർലാൽ നെഹ്‌റു പ്രതിമ അജ്ഞാതർ തകർത്തു;  സ്വയം വീണതാണെന്ന് പൊലീസ്
India

അസമിൽ ജവഹർലാൽ നെഹ്‌റു പ്രതിമ അജ്ഞാതർ തകർത്തു; സ്വയം വീണതാണെന്ന് പൊലീസ്

ലാൽകുമാർ
|
25 Feb 2026 8:04 PM IST

എക്‌സ്‌കവേറ്റർ ഉപയോഗിച്ച് പ്രതിമ നശിപ്പിക്കുന്ന ദൃശ്യം സിസിടിവിയിൽ പതിഞ്ഞു

ദിസ്പൂർ: അസമിലെ കാച്ചർ ജില്ലയിലെ പൈലാപൂളിൽ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ 10 അടി ഉയരമുള്ള പ്രതിമ അജ്ഞാതർ തകർത്തു. ചൊവ്വാഴ്ച രാവിലെ നടക്കാനിറങ്ങിയവരാണ് പ്രതിമ നശിപ്പിക്കപ്പെട്ടതായി കണ്ടത്. ഇവർ ഉടൻ തന്നെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

പ്രതിമ സ്വയം വീണതാണെന്നായിരുന്നു ഉദ്യോഗസ്ഥർ ആദ്യം അവകാശപ്പെട്ടിരുന്നത്. എന്നാൽ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞതോടെ രാഷ്ട്രീയ വിവാദത്തിന് കാരണമായി. ദൃശ്യങ്ങളിൽ നിന്ന് ഒരു സംഘം എക്‌സ്‌കവേറ്റർ ഉപയോഗിച്ച് പ്രതിമ നശിപ്പിക്കുന്നതായി കണ്ടെത്തി. വിഷയത്തിൽ ഭരണകക്ഷിയായ ബിജെപിയുടെ മൗനത്തെ ചോദ്യം ചെയ്ത് കോൺഗ്രസ് രം​ഗത്തെത്തി.

1965-ൽ സ്ഥാപിതമായ നെഹ്‌റു കോളജിന് മുന്നിൽ 2000-ൽ ആണ് പ്രതിമ സ്ഥാപിച്ചത്. 1953-ൽ നെഹ്‌റുവിന്റെ പേരിൽ ഒരു ഹൈസ്‌കൂൾ സ്ഥാപിച്ചതുമുതൽ, നെഹ്റുവിനെ ആദരിക്കുന്ന പാരമ്പര്യം ഈ പ്രദേശത്തിനുണ്ടെന്ന് കോൺഗ്രസ് നേതാവ് പ്രദീപ് കുമാർ ഡേ പറഞ്ഞു. ആദ്യത്തെ പ്രധാനമന്ത്രിയെ ആദരിക്കുന്ന ഒരു മഹത്തായ സംസ്കാരം നമുക്കുണ്ടെന്നും 2000ൽ നടന്ന പ്രതിമ അനാഛാദനത്തിൽ അന്തരിച്ച കേന്ദ്രമന്ത്രി സന്തോഷ് മോഹൻ ദേവും മുൻ സംസ്ഥാന മന്ത്രി ദിനേശ് പ്രസാദ് ഗോളയും പങ്കെടുത്തതായി പ്രദീപ് കുമാർ ഡേ കൂട്ടിച്ചേർത്തു.

2024-ൽ ബംഗ്ലാദേശ് സ്ഥാപക നേതാവായ ഷെയ്ഖ് മുജിബുർ റഹ്മാന്റെ പ്രതിമകൾ തകർത്തതിനോടാണ് കോൺഗ്രസ് മുൻ ജില്ലാ മേധാവി അഭിജിത് പോൾ ഈ നടപടിയെ ഉപമിച്ചത്.

"ചിലർക്ക് നെഹ്‌റുവിനെ അവരുടെ രാഷ്ട്രീയ വിശ്വാസങ്ങളുടെ പേരിൽ ഇഷ്ടമല്ല, പക്ഷേ പ്രതിമ നശിപ്പിക്കുന്നത് ഹസീനയുടെ പതനത്തിനുശേഷം ബംഗ്ലാദേശിന്റെ പിതാവിന്റെ പ്രതിമകൾ എങ്ങനെ നശിപ്പിക്കപ്പെട്ടു എന്നതിനെ ഓർമ്മിപ്പിക്കുന്നു. രണ്ടിനും പിന്നിലുള്ള ആശയം ഒന്നുതന്നെയാണ്." അദ്ദേഹം പറഞ്ഞു.

"പ്രദേശം ബിജെപി നിയമസഭാംഗമായ കൗശിക് റായിയുടെ മണ്ഡലത്തിലാണ്. റായ് ഒരു മന്ത്രിയാണ്, പക്ഷേ അതിനെതിരെ ഒരു വാക്കുപോലും പറഞ്ഞിട്ടില്ല," പോൾ പറഞ്ഞു. വിഷയത്തിൽ പ്രതികരിക്കാൻ ബിജെപി നേതാക്കൾ വിസമ്മതിച്ചു

Similar Posts