< Back
India
ഇന്ത്യയിൽ നിന്ന് ശ്രീലങ്കയിലേക്ക് മൂന്ന് മണിക്കൂർ; പാസഞ്ചർ ഫെറി സർവീസിന് തുടക്കം, ടിക്കറ്റ് നിരക്കും വിവരങ്ങളും
India

ഇന്ത്യയിൽ നിന്ന് ശ്രീലങ്കയിലേക്ക് മൂന്ന് മണിക്കൂർ; പാസഞ്ചർ ഫെറി സർവീസിന് തുടക്കം, ടിക്കറ്റ് നിരക്കും വിവരങ്ങളും

Web Desk
|
14 Oct 2023 6:11 PM IST

ഫെറി സർവീസ് ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

ഡൽഹി: തമിഴ്നാട്ടിലെ നാഗപട്ടണത്തുനിന്ന് ശ്രീലങ്കയിലെ കാക്കൈസന്തുറൈയിലേക്കുള്ള പാസഞ്ചർ ഫെറി സർവീസ് ആരംഭിച്ചു. ഫെറി സർവീസ് ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരവും സാംസ്കാരികവുമായ എല്ലാ ബന്ധങ്ങളെയും സജീവമാക്കുമെന്ന് ഫ്ലാഗ് ഓഫ് കർമം നിർവഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി.

ശ്രീലങ്കയിലേക്കുള്ള യാത്രയ്ക്കുള്ള ടിക്കറ്റ് നിരക്ക് ഒരാൾക്ക് 7,670 രൂപയാണ്. മടക്കയാത്രയടക്കം ടാക്സ് ഉൾപ്പെടെ 13,000 രൂപയാകും. അതേസമയം, ഉദ്ഘാടന ദിവസമായ ഇന്ന് ടിക്കറ്റ് നിരക്കിൽ 75 ശതമാനം കുറവുണ്ടാകുമെന്ന് നാഗപട്ടണം ഷിപ്പിങ് ഹാർബർ വകുപ്പ് പ്രഖ്യാപിച്ചിരുന്നു. ഒരേസമയം 150 പേർക്കാണ് യാത്ര ചെയ്യാനാവുക. 50 കിലോ ബാഗേജും കൊണ്ടുപോകാം. നാഗപട്ടണത്തു നിന്ന് 60 നോട്ടിക്കൽ മൈൽ അകലെയുള്ള കാക്കൈസന്തുറൈയിൽ മൂന്നു മണിക്കൂറിൽ എത്താനാകും.

നാഗപട്ടണത്ത് നിന്ന് പ്രതിദിന സർവീസ് രാവിലെ ഏഴുമണിക്ക് ആരംഭിക്കും. 11 മണിയോടെ കാക്കൈസന്തുറൈയിലെത്തും. ഉച്ചതിരിഞ്ഞ് രണ്ടുമണിക്ക് കാക്കൈസന്തുറൈയിൽ നിന്ന് പുറപ്പെട്ട് അഞ്ചുമണിക്ക് നാഗപ്പട്ടണത്ത് തിരിച്ചെത്തുകയും ചെയ്യും. ഷിപ്പിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ഹൈ സ്പീഡ് ക്രാഫ്റ്റ് ചെറിയപാണിയാണ് സർവീസിന് ഉപയോഗിക്കുന്നത്. 14 അംഗ ജീവനക്കാരും ഇതിലുണ്ട്.

ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിൽ നാലു പതിറ്റാണ്ടിന് ശേഷമാണ് പാസഞ്ചർ ഫെറി സർവീസ് ആരംഭിക്കുന്നത്. 1982ൽ ശ്രീലങ്കൻ ആഭ്യന്തര യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് മുമ്പുണ്ടായിരുന്ന ഇൻഡോ സിലോൺ എക്സ്പ്രസ്സ് ഫെറി സർവീസ് അവസാനിപ്പിച്ചത്. തുടർന്ന് 2011ൽ സർവീസ് പുനരാരംഭിക്കാനുള്ള കരാറിൽ ഇരു രാജ്യങ്ങളും ഒപ്പിട്ടിരുന്നെങ്കിലും വൈകുകയായിരുന്നു.

Similar Posts