< Back
India
പുതിയ സ്വകാര്യതാ നയം ഉടൻ നടപ്പാക്കില്ല: വാട്സാപ്
India

പുതിയ സ്വകാര്യതാ നയം ഉടൻ നടപ്പാക്കില്ല: വാട്സാപ്

Web Desk
|
9 July 2021 1:18 PM IST

ഡാറ്റാ സംരക്ഷണ നിയമം നിലവിൽ വരുന്നത് വരെ പുതിയ സ്വകാര്യതാ നയം നടപ്പാക്കില്ലെന്ന് വാട്സാപ്.

ഡാറ്റാ സംരക്ഷണ നിയമം നിലവിൽ വരുന്നത് വരെ പുതിയ സ്വകാര്യതാ നയം നടപ്പാക്കില്ലെന്ന് വാട്സാപ്. ഡല്‍ഹി ഹൈക്കോടതിയെ ആണ് വാട്സാപ് ഇക്കാര്യം അറിയിച്ചത്. സമൂഹ മാധ്യമങ്ങളുടെ സ്വകാര്യത സംബന്ധിച്ച സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജിയിലാണ് വാട്സാപ് മറുപടി നൽകിയത്. സ്വകാര്യതാ നയം നടപ്പാക്കുന്നത് വരെ ഉപയോക്താക്കളുടെ സേവനം തടയില്ലെന്നും വാട്സാപ് കോടതിയെ അറിയിച്ചിട്ടുണ്ട്,

സ്വകാര്യതാ നയത്തിനെതിരെ കോമ്പറ്റീഷന്‍ കമ്മീഷന്‍ പ്രഖ്യാപിച്ച അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെടുന്ന ഹരജി ഹൈക്കോടതി സിംഗിള്‍ ബഞ്ച് നേരത്തെ തള്ളിക്കളഞ്ഞിരുന്നു. ഇത് ചോദ്യം ചെയ്ത് വാട്‌സ്ആപ്പും ഫേസ്ബുക്കും നല്‍കിയ തുടർ ഹരജിയുടെ വാദത്തിനിടെയാണ് അഭിഭാഷകന്‍ ഹരീഷ് സാല്‍വെ വാട്‌സ്ആപ്പിന്‍റെ നിലപാട് വ്യക്തമാക്കിയത്. ഡാറ്റ സംരക്ഷണ നിയമം നടപ്പാക്കുന്നത് വരെ ഇന്ത്യയില്‍ സ്വകാര്യതാ നയം മരവിപ്പിക്കുകയാണെന്ന് ഹരീഷ് സാല്‍വെ കോടതിയെ അറിയിച്ചു. പുതിയ നയം അംഗീകരിക്കാത്തവര്‍ക്ക് വാട്‌സ്ആപ്പിന്‍റെ സേവനം തടയില്ല. എന്നാല്‍ നയം അംഗീകരിക്കണമെന്നാവശ്യപ്പെട്ടുള്ള സന്ദേശം തുടര്‍ന്നും അയക്കുമെന്നും അദ്ദേഹം അറിയിച്ചു. ചീഫ് ജസ്റ്റിസ് ഡി.എന്‍ പാട്ടീല്‍, ജ്യോതി സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജികള്‍ പരിഗണിച്ചത്. അതേസമയം സ്വകര്യതാ നയം അംഗീകരിക്കാന്‍ കഴിയില്ല എന്ന നിലപാടാണ് ഗവര്‍ണ്‍മെന്‍റ് മുന്നോട്ട് വെക്കുന്നത്.


Similar Posts