
വാഹനങ്ങളുടെ രജിസ്ട്രേഷൻ ഇനി ഷോറൂമുകളിൽ; പദ്ധതിയുമായി തെലങ്കാന സർക്കാർ
|ഈ ആവശ്യത്തിനായി ആർടി ഓഫീസ് സന്ദർശിക്കേണ്ടിവരില്ല
ഹൈദരാബാദ്: പുതിയതായി വാഹനം വാങ്ങുന്നവർക്ക് ആശ്വാസം നൽകുന്ന തീരുമാനവുമായി തെലങ്കാന സർക്കാർ. ഇരുചക്ര വാഹനങ്ങളുടെയും കാറുകളുടെയും സ്ഥിരം രജിസ്ട്രേഷൻ അംഗീകൃത ഷോറൂമുകളിൽ നിന്ന് നേരിട്ട് അനുവദിക്കും. പുതുതായി വാഹനം വാങ്ങുന്നവർ ഈ ആവശ്യത്തിനായി റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസ് (ആർടിഒ) സന്ദർശിക്കേണ്ടിവരില്ല. പദ്ധതിക്ക് ഇന്നുമുതൽ തുടക്കമാവും.
അംഗീകൃത ഡീലർമാർ ഓൺലൈൻ രജിസ്ട്രേഷൻ അപേക്ഷകൾ സമർപ്പിക്കുകയും ഇൻവോയ്സ്, ഫോം 21, ഫോം 22, ഇൻഷുറൻസ് വിശദാംശങ്ങൾ, വിലാസം തെളിയിക്കാൻ ആവശ്യമായ രേഖ, വാഹനത്തിൻ്റെെ ഫോട്ടോഗ്രാഫുകൾ തുടങ്ങിയവ അപ്‌ലോഡ് ചെയ്യുകയും വേണം. ഉദ്യോഗസ്ഥർ അപേക്ഷ ഓൺലൈനായി പരിശോധിക്കുകയും രജിസ്ട്രേഷൻ നമ്പർ ഡിജിറ്റലായി അനുവദിക്കുകയും ചെയ്യും. രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (ആർസി) സ്പീഡ് പോസ്റ്റ് വഴി അയക്കും.
ജനുവരി 23 ന് ഹൈദരാബാദിലെ ഒരു ഷോറൂമിൽ വച്ച് പൈലറ്റ് പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയിരുന്നു. ആർടിഒയെ സന്ദർശിക്കാതെ തന്നെ ഒരു ഫോർ വീലർ വാഹനം രജിസ്റ്റർ ചെയ്ത് ഡെലിവറി ചെയ്തു. ജനുവരി 24 മുതൽ വാങ്ങുന്ന പുതിയ കാറുകൾക്കും ഇരുചക്ര വാഹനങ്ങൾക്കും മാത്രമേ ഈ സംവിധാനം ബാധകമാകൂ. ആർടിഒ വഴി രജിസ്റ്റർ ചെയ്യേണ്ട വാണിജ്യ, ഗതാഗത വാഹനങ്ങൾക്ക് ഇത് ബാധകമല്ല. അവ ഇപ്പോഴും സ്റ്റാൻഡേർഡ് ആർടിഒ നടപടിക്രമങ്ങൾ വഴി രജിസ്റ്റർ ചെയ്യേണ്ടതുണ്ട്.
പുതിയ തീരുമാനം വാഹനം വാങ്ങുന്നവരുടെ സമയം ലാഭിക്കുമെന്നും ആർടിഒ ഓഫീസുകളിലെ തിരക്ക് കുറയ്ക്കുമെന്നും വാഹന രജിസ്ട്രേഷൻ വേഗത്തിലും സുതാര്യമായും നടത്തുമെന്നും ഉദ്യോഗസ്ഥർ പറയുന്നു.
പദ്ധതിയുടെ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുന്നതിനും തയ്യാറെടുപ്പുകൾ നടത്തുന്നതിനുമായി ഗതാഗത കമ്മീഷണർ 33 ജില്ലകളിലെയും ഉദ്യോഗസ്ഥരുമായി ഓൺലൈൻ യോഗം നടത്തി. ആർടിഒ സന്ദർശിക്കാതെ തന്നെ ആർസി ഇഷ്യൂ ചെയ്യുന്ന, ഇന്ത്യയിൽ പൂർണമായും നടപ്പിലാക്കിയ ആദ്യത്തെ സംസ്ഥാനമായാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.