India
Newly-Weds Found Dead

മരിച്ച ദമ്പതികള്‍

India

പുറത്ത് വിവാഹ സല്‍ക്കാരം; വീടിനകത്ത് നവദമ്പതികള്‍ കുത്തേറ്റ് മരിച്ച നിലയില്‍

Web Desk
|
23 Feb 2023 10:06 AM IST

തിക്രപാറ പൊലീസ് സ്റ്റേഷൻ പരിധിയിലെ ബ്രിജ്നഗറിൽ ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം

റായ്പൂര്‍:ഛത്തീസ്ഗഡിലെ റായ്പൂരിൽ വിവാഹ സൽക്കാരത്തിന് തൊട്ടുമുമ്പ് നവദമ്പതികളെ വീടിനുള്ളിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. തിക്രപാറ പൊലീസ് സ്റ്റേഷൻ പരിധിയിലെ ബ്രിജ്നഗറിൽ ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം.

ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായതിനെ തുടർന്ന് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി ഭര്‍ത്താവ് ജീവനൊടുക്കിയതായിരിക്കാമെന്നാണ് പൊലീസിന്‍റെ സംശയം.അസ്‍ലമും(24) കഹ്‌കാഷ ബാനോയും(22) ഞായറാഴ്ചയാണ് വിവാഹിതരായത്. ചൊവ്വാഴ്ച രാത്രി വിവാഹ സല്‍ക്കാരം നടത്താനും തീരുമാനിച്ചിരുന്നു. ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ഇരുവരും റൂമിനുള്ളി ഒരുങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. ഈ സമയം വധുവിന്‍റെ നിലവിളി കേട്ട വരന്‍റെ മാതാവ് അവിടേക്ക് ഓടിയെത്തി. മുറി അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. ദമ്പതികള്‍ പ്രതികരിക്കാത്തതിനെ തുടർന്ന് വീട്ടുകാർ ജനലിലൂടെ നോക്കിയപ്പോൾ രക്തത്തിൽ കുളിച്ച് അബോധാവസ്ഥയിൽ കിടക്കുന്ന വധൂവരന്‍മാരെയാണ് കണ്ടത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

പിന്നീട് പൊലീസെത്തിയാണ് വാതില്‍ തകര്‍ത്ത് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്. സംഭവസ്ഥലത്ത് നിന്ന് ഒരു കത്തി കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. "ദമ്പതികൾ തമ്മിൽ വാക്കുതർക്കം ഉണ്ടാകുകയും ഭർത്താവ് ഭാര്യയെ കത്തികൊണ്ട് ആക്രമിക്കുകയും തുടർന്ന് ജീവനൊടുക്കുകയും ചെയ്തുവെന്നാണ് പ്രാഥമിക നിഗമനമെന്ന്'' പൊലീസ് അറിയിച്ചു. വിഷയത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Tags :
Similar Posts