< Back
India
Ridhanya
India

സ്ത്രീധനമായി നൽകിയത് 100 പവനും 70 ലക്ഷത്തിന്‍റെ വോൾവോ കാറും; കിട്ടിയത് പോരെന്ന് പറഞ്ഞ് ഭര്‍തൃവീട്ടുകാരുടെ പീഡനം, നവവധു ജീവനൊടുക്കി

Web Desk
|
30 Jun 2025 12:30 PM IST

വസ്ത്രനിര്‍മാണ യൂണിറ്റ് നടത്തുന്ന അണ്ണാദുരൈ എന്നയാളുടെ മകൾ റിധന്യയാണ് മരിച്ചത്

തിരുപ്പൂര്‍: സ്ത്രീധനത്തെച്ചൊല്ലിയുള്ള ഭര്‍ത്താവിന്‍റെയും ഭര്‍തൃവീട്ടുകാരുടെയും പീഡനത്തെ തുടര്‍ന്ന് 27കാരി ജീവനൊടുക്കി. തമിഴ്നാട്ടിലെ തിരുപ്പൂരിലാണ് സംഭവം. വസ്ത്രനിര്‍മാണ യൂണിറ്റ് നടത്തുന്ന അണ്ണാദുരൈ എന്നയാളുടെ മകൾ റിധന്യയാണ് മരിച്ചത്.

കഴിഞ്ഞ ഏപ്രിലിലായിരുന്ന റിധന്യയും കവിൻകുമാറുമായുള്ള വിവാഹം. 100 പവനും 70 ലക്ഷം രൂപയുടെ വോൾവോ കാറുമാണ് സ്ത്രീധനമായി നൽകിയത്. ഞായറാഴ്ച, മോണ്ടിപാളയത്തുള്ള ഒരു ക്ഷേത്രത്തിൽ പോകുന്നുവെന്ന് പറഞ്ഞ് റിധന്യ വീട്ടിൽ നിന്ന് ഇറങ്ങുകയായിരുന്നു. യാത്രാമധ്യേ വഴിയിൽ കാര്‍ നിര്‍ത്തി കീടനാശിനിയായി ഉപയോഗിക്കുന്ന ഗുളികകൾ കഴിച്ചുവെന്നാണ് വിവരം. പ്രദേശത്ത് ഏറെ നേരം പാർക്ക് ചെയ്തിരുന്ന ഒരു കാർ ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് നടത്തിയ പരിശോധനയിൽ റിധന്യയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

മരണത്തിന് മുമ്പ് അവൾ പിതാവിന് വാട്ട്‌സ്ആപ്പിൽ ഏഴ് ഓഡിയോ സന്ദേശങ്ങൾ അയച്ചിരുന്നുവെന്നും പീഡനം സഹിക്കാൻ വയ്യാതെയാണ് ജീവനൊടുക്കുന്നതെന്നും തന്നോട് ക്ഷമിക്കണമെന്നും പറഞ്ഞിരുന്നു. "എനിക്ക് അവരുടെ മാനസിക പീഡനം സഹിക്കാൻ കഴിയുന്നില്ല. ഇതിനെക്കുറിച്ച് ആരോട് പറയണമെന്ന് എനിക്കറിയില്ല. ജീവിതം ഇങ്ങനെയായിരിക്കുമെന്ന് അവകാശപ്പെട്ട് ഞാൻ വിട്ടുവീഴ്ച ചെയ്യണമെന്ന് കേൾക്കുന്നവർ ആഗ്രഹിക്കുന്നു. എന്റെ കഷ്ടപ്പാട് അവർക്ക് മനസ്സിലാകുന്നില്ല," റിധന്യ പിതാവിന് അയച്ച സന്ദേശത്തിൽ പറഞ്ഞു. "എന്‍റെ ചുറ്റുമുള്ള എല്ലാവരും അഭിനയിക്കുകയാണ്, ഞാൻ എന്തിനാണ് നിശബ്ദയായിരിക്കുന്നതെന്നോ ഇങ്ങനെയാകുന്നതെന്നോ എനിക്ക് മനസ്സിലാകുന്നില്ല," യുവതി പറയുന്നു, ഇനി ഇതുപോലെ മുന്നോട്ട് പോകാൻ കഴിയില്ലെന്നും കൂട്ടിച്ചേർത്തു.

"എന്‍റെ ജീവിതകാലം മുഴുവൻ നിങ്ങൾക്ക് ഒരു ഭാരമാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഞാനൊരു തെറ്റും ചെയ്തിട്ടില്ല. എനിക്ക് ഈ ജീവിതം ഇഷ്ടമല്ല. അവൻ എന്നെ ശാരീരികമായി പീഡിപ്പിക്കുമ്പോൾ അവർ എന്നെ മാനസികമായി ആക്രമിക്കുകയാണ്. എനിക്ക് ഈ ജീവിതം ഇഷ്ടമല്ല. ഈ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ താൽപര്യമില്ല. നിങ്ങളും അമ്മയുമാണ് എന്‍റെ ലോകം. എന്‍റെ അവസാന ശ്വാസം വരെ അച്ഛനായിരുന്നു എന്‍റെ പ്രതീക്ഷ, പക്ഷേ ഞാൻ നിങ്ങളെ വല്ലാതെ വേദനിപ്പിച്ചു. ക്ഷമിക്കണം അച്ഛാ എല്ലാം കഴിഞ്ഞു. ഞാൻ പോകുന്നു'' റിധന്യയുടെ സന്ദേശത്തിൽ പറയുന്നു.

റിധന്യയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ജില്ലാ സർക്കാർ ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ട്. സംഭവത്തിൽ പ്രതിഷേധവുമായി ബന്ധുക്കൾ ആശുപത്രിക്ക് മുന്നിൽ തടിച്ചുകൂടി. ഭർത്താവ് കവിൻ കുമാർ, ഭര്‍തൃപിതാവ് ഈശ്വരമൂർത്തി, മാതാവ് ചിത്രാദേവി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

Similar Posts