< Back
India
മുസ്‌ലിം എംഎൽഎ ക്ഷേത്രം സന്ദർശിച്ചു; ഗോമൂത്രം തളിച്ച് ശുദ്ധീകരിച്ച് ഹിന്ദുത്വ സംഘടനാ പ്രവർത്തകർ
India

മുസ്‌ലിം എംഎൽഎ ക്ഷേത്രം സന്ദർശിച്ചു; ഗോമൂത്രം തളിച്ച് 'ശുദ്ധീകരിച്ച്' ഹിന്ദുത്വ സംഘടനാ പ്രവർത്തകർ

അഹമ്മദലി ശര്‍ഷാദ്
|
16 Feb 2026 8:13 PM IST

ശിവസേന എംഎൽഎയും മുൻ മന്ത്രിയുമായ അബ്ദുൽ സത്താർ ആണ് ഛത്രപതി സംഭാജി നഗറിലെ ക്ഷേത്രത്തിൽ ദർശനം നടത്തിയത്

മുംബൈ: മുസ്‌ലിം എംഎൽഎ ക്ഷേത്രം സന്ദർശിച്ചതിന് പിന്നാലെ ഗോമൂത്രം തളിച്ച് 'ശുദ്ധീകരിച്ച്' ഹിന്ദുത്വ സംഘടനാ പ്രവർത്തകർ. ശിവസേന എംഎൽഎയും മുൻ മന്ത്രിയുമായ അബ്ദുൽ സത്താർ ആണ് ഛത്രപതി സംഭാജി നഗറിലെ ക്ഷേത്രത്തിൽ ദർശനം നടത്തിയത്. ശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായാണ് തന്റെ മണ്ഡലമായ റഹീമാബാദിലെ ശിവക്ഷേത്രത്തിൽ സത്താർ സന്ദർശനം നടത്തിയത്.

സത്താർ ക്ഷേത്രം സന്ദർശിക്കുന്നതിന്റെയും തുടർന്ന് ഏതാനും യുവാക്കൾ ഗോമൂത്രം തളിക്കുന്നതിന്റെയും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഗോമാംസം കഴിക്കുന്ന അബ്ദുൽ സത്താർ ദർശനം നടത്തിയതോടെ ക്ഷേത്രം അശുദ്ധമായെന്നാണ് ബിജെപി പ്രവർത്തകരുടെ വാദം.

''ഗോമാംസം കഴിക്കുന്ന ആളാണ് സത്താർ. അദ്ദേഹം ദർശനം നടത്തിയതോടെ ക്ഷേത്രം അശുദ്ധമായി. അതുകൊണ്ടാണ് ഗോമൂത്രം തളിച്ച് 'ശുദ്ധീകരിച്ചത്'. അദ്ദേഹം അടുത്തിടെയാണ് ഹജ്ജിന് പോയത്. ഇപ്പോൾ അമ്പലത്തിൽ ദർശനം നടത്തി. സത്താർ ഹിന്ദുക്കളെയും മുസ്‌ലിംകളെയും വിഡ്ഢികളാക്കുകയാണ്- സില്ലോദ് യൂണിറ്റ് ബിജെപി അധ്യക്ഷൻ മനോജ് മൊരേലു പറഞ്ഞു.

ഛത്രപതി സംഭാജി ജില്ലയിൽ ശക്തമായ സ്വാധീനമുള്ള നേതാവാണ് അബ്ദുൽ സത്താർ. മഹാവികാസ് അഘാഡി സർക്കാരിൽ കൃഷി മന്ത്രിയായിരുന്ന സത്താർ നേരത്തെ കോൺഗ്രസിലായിരുന്നു. പിന്നീട് ശിവസേനയിൽ ചേർന്നു. ശിവസേന പിളർന്നതോടെ ഏക്‌നാഥ് ഷിൻഡെക്കൊപ്പം നിലയുറപ്പിക്കുകയായിരുന്നു.

Similar Posts