
'അടുത്ത ഉപരാഷ്ട്രപതി ബിജെപിയിൽ നിന്ന്'; ജെഡിയു നേതാക്കളെ പരിഗണിക്കുന്നുവെന്ന റിപ്പോർട്ടുകൾ തള്ളി പാർട്ടി നേതൃത്വം
|ധൻഘഡ് രാജിവെച്ചില്ലായിരുന്നെങ്കിൽ അദ്ദേഹത്തിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരാനും ആലോചിച്ചിരുന്നതായി ബിജെപി നേതാക്കളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു.
ന്യൂഡൽഹി: ബിജെപിയുടെ മുതിർന്ന നേതാക്കളിൽ ഒരാളായിരിക്കും അടുത്ത ഉപരാഷ്ട്രപതിയെന്ന് സൂചന. പാർട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ജെഡിയു നേതാവും കേന്ദ്ര മന്ത്രിയുമായ രാംനാഥ് ഠാക്കൂർ തുടങ്ങിയവരെ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി സൂചനയുണ്ടായിരുന്നു. എന്നാൽ പാർട്ടി പ്രത്യയശാസ്ത്രവുമായി അടുത്ത് നിൽക്കുന്ന ഒരാളായിരിക്കും ഉപരാഷ്ട്രപതിയെന്നാണ് ഉന്നത ബിജെപി നേതാവിനെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്.
രാംനാഥ് ഠാക്കൂറുമായി കഴഞ്ഞ ദിവസം ബിജെപി അധ്യക്ഷൻ ജെ.പി നഡ്ഡ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജെഡിയു നേതാവ് ഉപരാഷ്ട്രപതിയാകുമെന്ന അഭ്യൂഹങ്ങൾ പരന്നത്. എന്നാൽ ഇത് പൂർണമായും തള്ളുകയാണ് ബിജെപി നേതൃത്വം. അത് പതിവ് കൂടിക്കാഴ്ച മാത്രമായിരുന്നു. ഉപരാഷ്ട്രപതി പദവി സംബന്ധിച്ച് ഒരു ചർച്ചയും നടത്തിയിട്ടില്ലെന്നും ഇവർ പറയുന്നു.
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ തുടങ്ങിയതായി തെരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. രാജ്യസഭയിലെയും ലോക്‌സഭയിലെയും നാമനിർദേശം ചെയ്യപ്പെട്ടവരല്ലാത്ത അംഗങ്ങൾ ചേർന്നാണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്. ഉപരാഷ്ട്രപതി സ്ഥാനാർഥിയെ നിർത്തുന്നത് സംബന്ധിച്ച് പ്രതിപക്ഷം ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.
ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി അപ്രതീക്ഷിതമായാണ് ഉപരാഷ്ട്രപതിയായിരുന്ന ജഗ്ദീപ് ധൻഘഡ് രാജി പ്രഖ്യാപിച്ചത്. എന്നാൽ കേന്ദ്ര സർക്കാരുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണ് രാജിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ധൻഘഡ് പല തവണ സർക്കാർ താത്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചെന്നും ഇതാണ് രാജിയിലേക്ക് നയിച്ചതെന്നുമാണ് സൂചന.
ജസ്റ്റിസ് യശ്വന്ത് വർമയെ പുറത്താക്കാനുള്ള പ്രതിപക്ഷത്തെ ഇംപീച്ച്‌മെന്റ് പ്രമേയം അംഗീകരിക്കാനുള്ള ധൻഘഡിന്റെ തീരുമാനമാണ് വലിയ പ്രകോപനമായത്. പ്രതിപക്ഷത്തിന് രാജ്യസഭാ അധ്യക്ഷൻ കൂടുതൽ അവസരം നൽകുന്നുവെന്നും ഭരണപക്ഷത്തിന് പരാതിയുണ്ടായിരുന്നു. കൃഷിക്കാർ നേരിടുന്ന പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് കൃഷി മന്ത്രി ശിവരാജ് സിങ് ചൗഹാനെ പൊതുപരിപാടിയിൽവെച്ച് ധൻഘഡ് ചോദ്യം ചെയ്തതും നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു. ധൻഘഡ് രാജിവെച്ചില്ലായിരുന്നെങ്കിൽ അദ്ദേഹത്തിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരാനും ആലോചിച്ചിരുന്നതായി ബിജെപി വൃത്തങ്ങൾ പറഞ്ഞു.