< Back
India
പ്രധാനമന്ത്രി ചീറ്റകളുടെ ഫോട്ടോയെടുത്തത് ക്യാമറയുടെ കാപ് തുറക്കാതെ? വസ്തുത ഇതാണ്
India

പ്രധാനമന്ത്രി ചീറ്റകളുടെ ഫോട്ടോയെടുത്തത് ക്യാമറയുടെ കാപ് തുറക്കാതെ? വസ്തുത ഇതാണ്

Web Desk
|
18 Sept 2022 10:15 AM IST

ശനിയാഴ്ച രാവിലെ പ്രത്യേക വിമാനത്തിലാണ് നമീബിയയിൽ നിന്ന് എട്ട് ചീറ്റകളെ ഇന്ത്യയിലെത്തിച്ചത്

ഡൽഹി: നമീബിയയിൽ നിന്നും എത്തിയ ചീറ്റകളെ മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ കഴിഞ്ഞദിവസമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തുറന്നുവിട്ടത്. എട്ട് ചീറ്റകളെയാണ് ക്വാറന്റീനായി തുറന്നുവിട്ടത്. സഫാരി തൊപ്പിയും വെസ്റ്റും സൺഗ്ലാസും ധരിച്ച് എത്തിയ മോദി ചീറ്റകളുടെ ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്താനും സമയം കണ്ടെത്തി. എന്നാൽ ഇതിനിടയിൽ പ്രധാനമന്ത്രി ചീറ്റകളുടെ ഫോട്ടോ എടുത്തത് കാമറയുടെ കാപ് തുറയ്ക്കാതെയാണ് എന്ന രീതിയിൽ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തൃണമൂൽ കോൺഗ്രസ് എം.പി ജവഹർ സിർകാറാണ് ട്വിറ്ററിൽ പ്രധാനമന്ത്രി കാമറയുടെ കാപ് തുറയ്ക്കാതെ ഫോട്ടോയെടുക്കുന്ന രീതിയിലുള്ള ചിത്രം പങ്കുവെച്ചത്.


എന്നാൽ ഫാക്ട് ചെക്കേഴ്‌സ് ഈ ഫോട്ടോ മോർഫ് ചെയ്തതാണെന്ന് കണ്ടെത്തി. കാനൻ കവറുള്ള നിക്കോൺ ക്യാമറയാണ് ചിത്രത്തിൽ കാണിച്ചിരിക്കുന്നതെന്ന് ബി.ജെ.പി നേതാവ് സുകാന്ത മജുംദാർ ചൂണ്ടിക്കാട്ടി. നിക്കോണ്‍ ക്യാമറയിലാണ് മോദി ഫോട്ടോ എടുത്തത്. എന്നാല്‍ എഡിറ്റ് ചെയ്തയാള്‍ കാനന്‍ ക്യാമറയുടെ കാപ് ആണ് ചിത്രത്തില്‍ ഉപയോഗിച്ചത്. ഇതോടെയാണ് ഫോട്ടോ വ്യാജമാണെന്ന് എളുപ്പത്തില്‍ തെളിഞ്ഞത്.

ടി.എം.സി രാജ്യസഭാ എംപി നിക്കോൺ ക്യാമറയുടെ എഡിറ്റ് ചെയ്ത ചിത്രം കാനോൻ കവറിനൊപ്പം പങ്കുവെച്ചു. വ്യാജപ്രചാരണം നടത്താനുള്ള മോശം ശ്രമമാണിത് മമത ബാനർജി.. സാമാന്യബുദ്ധിയുള്ള ഒരാളെയെങ്കിലും നിയമിക്കൂ,'' സുകാന്ത മജുംദാർ ട്വീറ്റ് ചെയ്തു. കള്ളത്തരം കൈയൊടെ പൊക്കിയതോടെ തൃണമൂൽ എം.പി തന്റെ ട്വീറ്റ് പിൻവലിക്കുകയും ചെയ്തു.

ശനിയാഴ്ച രാവിലെ പ്രത്യേക വിമാനത്തിലാണ് നമീബിയയിൽ നിന്ന് എട്ട് ചീറ്റകളെ ഇന്ത്യയിലെത്തിച്ചത്. പ്രധാനമന്ത്രിയുടെ പിറന്നാൾ ദിവസത്തിലായിരുന്നു ഈ സംഭവം നടന്നത്. ചീറ്റകളെ നൽകിയതിന് നമീബിയയ്ക്ക് മോദി നന്ദിയും അറിയിച്ചിരുന്നു.ഏഴ് പതിറ്റാണ്ട് മുമ്പ് ഇന്ത്യയിൽ ചീറ്റകൾ വംശനാശം സംഭവിച്ചിരുന്നു.


1952ൽ രാജ്യത്തുനിന്ന് അപ്രത്യക്ഷമായ ചീറ്റകൾ ഏഴു പതിറ്റാണ്ടിനു ശേഷമാണ് ഇന്ത്യൻ മണ്ണു തൊടുന്നത്. എട്ടു ചീറ്റകളാണ് ആഫ്രിക്കൻ രാഷ്ട്രത്തിൽനിന്ന് ഇന്ത്യയിലെത്തിയത്. ഗ്വാളിയോർ വിമാനത്താവളത്തിൽ എത്തിച്ച ഇവയെ കുനോയിലേക്ക് ഹെലികോപ്ടർ വഴിയാണ് കൊണ്ടുവന്നത്. ശനിയാഴ്ച രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ചീറ്റകളെ ദേശീയോദ്യാനത്തിൽ തുറന്നുവിട്ടത്. അഞ്ചു വർഷം കൊണ്ട് അമ്പത് ചീറ്റകളെ രാജ്യത്തെത്തിക്കാനാണ് സർക്കാറിന്റെ ശ്രമം. 2009ൽ ആരംഭിച്ച പ്രൊജക്ട് ചീറ്റ പ്രകാരമാണ് ബിഗ് കാറ്റുകളെ ഇന്ത്യയിലെത്തിക്കുന്നത്.

ഇത്രയും കൂടുതൽ വന്യമൃഗങ്ങളെ ഒരു ഭൂഖണ്ഡത്തിൽ നിന്ന് മറ്റൊരു ഭൂഖണ്ഡത്തിലെത്തിക്കുന്നത് ആദ്യമാണെന്ന് കരുതപ്പെടുന്നു. 'ഇത് വെല്ലുവിളി നിറഞ്ഞതാണ്. നഷ്ടപ്പെട്ട നിധി തിരിച്ചുപിടിക്കാനുള്ള ശ്രമമാണ്. ഇന്ത്യൻ തൊപ്പിയിലെ പൊൻതൂവലാണിത്' എന്നാണ് വൈൽഡ്‌ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഡീൻ യാദവേന്ദ്ര ദേവ് ഝല അന്താരാഷ്ട്ര മാധ്യമമായ ബിബിസിയോട് പ്രതികരിച്ചത്.

Similar Posts