< Back
India
ഗഡ്കരിയെ പാർലമെന്‍ററി ബോർഡിൽ നിന്ന് പുറത്താക്കിയതിന്‍റെ കാരണം പറയാനാകാതെ ബി.ജെ.പി നേതൃത്വം
India

ഗഡ്കരിയെ പാർലമെന്‍ററി ബോർഡിൽ നിന്ന് പുറത്താക്കിയതിന്‍റെ കാരണം പറയാനാകാതെ ബി.ജെ.പി നേതൃത്വം

Web Desk
|
18 Aug 2022 6:47 AM IST

71 കാരനായ രാജ്നാഥ് സിംഗിനെ ബോർഡിൽ നിലനിർത്തിയാണ് ഗഡ്കരിയെ ഒഴിവാക്കിയത്

ഡല്‍ഹി: നിതിൻ ഗഡ്കരിയെ പാർലമെന്‍ററി ബോർഡിൽ നിന്ന് പുറത്താക്കിയതിന്‍റെ കാരണം പറയാനാകാതെ ബി.ജെ.പി നേതൃത്വം. 71 കാരനായ രാജ്നാഥ് സിംഗിനെ ബോർഡിൽ നിലനിർത്തിയാണ് ഗഡ്കരിയെ ഒഴിവാക്കിയത്. ഇന്നലെയാണ് 11 അംഗ പാർലമെന്‍ററി ബോർഡ് പുനഃസംഘടിപ്പിച്ചത്.

പ്രത്യേകിച്ച് ചുമതല നൽകാതെ,സമീപകാല ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു മുൻ ദേശീയ അധ്യക്ഷനെ ബിജെപി ഒതുക്കുന്നത്. എൽ.കെ അദ്വാനി,മുരളി മനോഹർ ജോഷി എന്നിവരെ മാർഗദർശക് മണ്ഡൽ എന്ന സമിതി രൂപീകരിച്ചു അംഗങ്ങൾ ആക്കിയാണ് ബോർഡിൽ നിന്നും ഒഴിവാക്കിയത്. ആർ.എസ്‌.എസുമായി ഏറെ അടുപ്പം പുലർത്തുന്നയാളും ബി.ജെ.പിയിലെ സൗമ്യമുഖവുമായിട്ടാണ് ഗഡ്കരി അറിയപ്പെടുന്നത്.

11 അംഗ സമിതിയിൽ 6 പേരും പുതുമുഖങ്ങൾ ആണെന്നും വനിതാ-ദലിത്‌ പ്രതിനിധ്യം പോലും പാലിച്ചിട്ടുണ്ടെന്നുമാണ് നേതൃത്വത്തിന്‍റെ ന്യായീകരണം. രാഷ്ട്രീയമുപേക്ഷിക്കുമെന്ന് ഈയിടെ ഗഡ്കരി പ്രസംഗത്തിൽ സൂചിപ്പിച്ചിരുന്നു. യു.പി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബി.ജെ.പിയുടെ വിജയത്തിൽ സംശയം പ്രകടിപ്പിച്ചു സംസാരിക്കുന്ന ശിവരാജ് സിംഗ് ചൗഹാന്‍റെ വീഡിയോ ലീക്ക് ആയതും അദ്ദേഹത്തിന് ബോർഡിൽ നിന്നുള്ള സ്ഥാനം തെറിക്കുന്നതിനു കാരണമായി. ഗഡ്കരിയും ശിവരാജും മോദി ക്യാമ്പിനോട് താല്‍പര്യമുള്ളവരല്ല. മഹാരാഷ്ട്രയിൽ ശിവസേനയെ പിളർത്തിത്തിയനോടും ബി.ജെ.പി നേതാവ് ഉപമുഖ്യ മന്ത്രിയാക്കേണ്ടി വന്നതിലും ഗഡ്കരിക്ക്‌ നീരസമുണ്ടായിരുന്നു. അദ്വാനി വിഭാഗത്തിലെ അവസാന കണ്ണികളെ പോലും മുറിച്ചു മാറ്റി പാർട്ടി പൂർണമായും കൈപ്പിടിയിൽ ഒതുക്കുന്നതിനുള്ള മോദി -അമിത് ഷാ കൂട്ടുകെട്ടിന്‍റെ നീക്കം കൂടിയാണ് പാർലമെന്‍ററി ബോർഡിലെ വെട്ടിനിരത്തൽ.

Related Tags :
Similar Posts