< Back
India
നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുമാർ സജീവ രാഷ്ട്രീയത്തിലേക്ക്; പ്രഖ്യാപനം ഉടൻ
India

നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുമാർ സജീവ രാഷ്ട്രീയത്തിലേക്ക്; പ്രഖ്യാപനം ഉടൻ

ശരത് ഓങ്ങല്ലൂർ
|
3 March 2026 1:11 PM IST

നിഷാന്തിന് നൽകുന്ന കൃത്യമായ പദവി എന്താണെന്ന് ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ പാർട്ടി അറിയിക്കും- മന്ത്രി ശ്രാവൺ കുമാർ

പട്‌ന: ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിൻ്റെ മകൻ നിഷാന്ത് കുമാറും സജീവ രാഷ്ട്രീയത്തിലേക്ക്. നിഷാന്തിൻ്റെ രാഷ്ട്രീയ പ്രവേശം തീരുമാനിച്ചിട്ടുണ്ടെന്നും ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാവുമെന്നും മന്ത്രി ശ്രാവൺ കുമാർ പറഞ്ഞു. നിതീഷ് കുമാറിൻ്റെ വിശ്വസ്തനായി അറിയപ്പെടുന്ന നേതാവാണ് ശ്രാവൺ കുമാർ. ഒരു പതിറ്റാണ്ടായി നിതീഷ് മന്ത്രി സഭകളിലെ സ്ഥിരം അംഗം കൂടിയാണ് ശ്രീവൺകുമാർ.

നിഷാന്ത് കുമാർ രാഷ്ട്രീയത്തിലേക്ക് വരണമെന്ന് പാർട്ടി പ്രവർത്തകരും അനുയായികളും വർഷങ്ങളായി ആവശ്യപ്പെട്ടുവരികയായിരുന്നു. ഹോളിക്ക് മുന്നോടിയായി എടുത്ത ഈ തീരുമാനത്തിൽ പാർട്ടി പ്രവർത്തകർ വലിയ ആവേശത്തിലാണെന്ന് ശ്രാവൺ കുമാർ വ്യക്തമാക്കി. നിഷാന്തിന് നൽകുന്ന കൃത്യമായ പദവി എന്താണെന്ന് ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ പാർട്ടി അറിയിക്കും. അദ്ദേഹത്തെ രാജ്യസഭയിലേക്ക് അയക്കുമോ എന്ന ചോദ്യത്തിന് 'എന്തും സംഭവിക്കാം' എന്നായിരുന്നു മന്ത്രിയുടെ മറുപടി.

ബീഹാറിൽ ലാലു പ്രസാദ് യാദവിൻ്റെ കുടുംബവാഴ്ചയെ നിരന്തരം വിമർശിക്കാറുള്ള നിതീഷ് കുമാറിൻ്റെ മകൻ രാഷ്ട്രീയത്തിലേക്ക് വരുന്നത് മറ്റൊരു രാഷ്ട്രീയ കൗതുകമാണെന്നാണ് നിരീക്ഷകർ പറയുന്നത്. ഇതുവരെ രാഷ്ട്രീയ കാര്യങ്ങളിൽ നിന്ന് വിട്ടുനിന്നിരുന്ന നിഷാന്ത് കുമാർ, പിതാവിന്റെ പിൻഗാമിയായി പാർട്ടിയിൽ എത്രത്തോളം സ്വാധീനം ചെലുത്തുമെന്ന് കണ്ടറിയണം. ബീഹാർ രാഷ്ട്രീയത്തിലെ പുതിയ മാറ്റം ജെഡിയുവിനുള്ളിലും പുറത്തുമുള്ള രാഷ്ട്രീയ സമവാക്യങ്ങളെ എങ്ങനെയൊക്കെ സ്വാധീനിക്കുമെന്ന് കണ്ടറിയണം.

Similar Posts