< Back
India
ഉന്നാവ് അതിജീവിതയുടെ പിതാവിന്റെ കസ്റ്റഡി മരണം:  കുല്‍ദീപ് സെന്‍ഗാറിന്റെ ശിക്ഷ സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളി
India

ഉന്നാവ് അതിജീവിതയുടെ പിതാവിന്റെ കസ്റ്റഡി മരണം: കുല്‍ദീപ് സെന്‍ഗാറിന്റെ ശിക്ഷ സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളി

റിഷാദ് അലി
|
19 Jan 2026 4:27 PM IST

ഡൽഹി ഹൈക്കോടതിയാണ് ഹരജി തള്ളിയത്. കേസിൽ പത്ത് വർഷം തടവ് ശിക്ഷ അനുഭവിക്കുകയാണ് കുൽദീപ് സിങ് സെൻഗാർ

ന്യൂഡല്‍ഹി: ഉന്നാവ് ബലാത്സംഗക്കേസില്‍ അതിജീവതയുടെ പിതാവിന്റെ കസ്റ്റഡി മരണത്തിൽ ബിജെപി മുൻ എംഎൽഎ കുൽദീപ് സിങ് സെൻഗാറിന് തിരിച്ചടി.

ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജിയും ജാമ്യാപേക്ഷയും തള്ളി. ഡൽഹി ഹൈക്കോടതിയാണ് ഹരജി തള്ളിയത്. കേസില്‍ 10 വര്‍ഷത്തെ ശിക്ഷയാണ് കുല്‍ദീപ് സിങിന് വിധിച്ചത്. ശിക്ഷ മരവിപ്പിക്കാന്‍ കാരണങ്ങളൊന്നും കാണുന്നില്ലെന്നും അപേക്ഷ തള്ളുന്നുവെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് രവീന്ദര്‍ ദുഡേജ പറഞ്ഞു.

സെന്‍ഗാര്‍ ദീര്‍ഘകാലമായി തടവ് അനുഭവിക്കുന്നുണ്ടെങ്കിലും കാലതാമസത്തിന്റെ പേരില്‍ ഇളവ് നല്‍കാന്‍ കഴിയില്ലെന്ന് ജഡ്ജി നിരീക്ഷിച്ചു. ശിക്ഷയ്‌ക്കെതിരെ നിരവധി തവണ അദ്ദേഹം അപ്പീല്‍ സമര്‍പ്പിച്ചതും കോടതി ചൂണ്ടിക്കാട്ടി. 2020 മാര്‍ച്ച് 13ന്, ഇരയുടെ പിതാവ് കസ്റ്റഡിയില്‍ മരിച്ച കേസില്‍ സെന്‍ഗാറിന് വിചാരണ കോടതി 10 വര്‍ഷം കഠിനതടവും 10 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. ഒരു കുടുംബത്തിന്റെ 'ഏക വരുമാനക്കാരനെ' കൊലപ്പെടുത്തിയതിന് 'ഒരു വിട്ടുവീഴ്ചയും' കാണിക്കാന്‍ കഴിയില്ലെന്ന് വിചാരണ കോടതി പറഞ്ഞിരുന്നു.

മാഖി ഗ്രാമത്തില്‍ നിന്നുള്ള പതിനേഴുകാരിയെ കാണാതായെന്ന് കുടുംബത്തിന്റെ പരാതി വന്ന 2017 ജൂണ്‍ നാലിനാണ് സംഭവങ്ങളുടെ തുടക്കം. ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാറും സഹായികളും തട്ടിക്കൊണ്ടു പോയി ബലാത്സംഗത്തിന് ഇരയാക്കിയെന്ന് പെണ്‍കുട്ടി പരാതി നല്‍കി. സെന്‍ഗാറിനെതിരെ കേസെടുക്കാന്‍ വിസമ്മതിച്ച പൊലീസ് പെണ്‍കുട്ടിയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു.

കേസുമായി ബന്ധപ്പെട്ട കോടതി നടപടി കഴിഞ്ഞു വീട്ടിലേക്കു മടങ്ങവേ അവളുടെ പിതാവിനെ, എംഎല്‍എയുടെ സഹോദരന്‍ അടക്കമുള്ളവര്‍ മര്‍ദിച്ചു. കള്ളക്കേസില്‍ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നാലെ, മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിനു മുന്നില്‍ പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. തൊട്ടടുത്ത ദിവസമാണ് പിതാവ് പൊലീസ് കസ്റ്റഡിയില്‍ മരിക്കുന്നത്.

Similar Posts