< Back
India
ജാമ്യമോ വിചാരണയോ ഇല്ല; ജയിലിൽ അഞ്ച് വർഷം പൂർത്തിയാക്കി ഡൽഹി സർവകലാശാല പ്രഫസർ ഹാനി ബാബു
India

'ജാമ്യമോ വിചാരണയോ ഇല്ല'; ജയിലിൽ അഞ്ച് വർഷം പൂർത്തിയാക്കി ഡൽഹി സർവകലാശാല പ്രഫസർ ഹാനി ബാബു

Web Desk
|
28 July 2025 4:54 PM IST

2020 ജൂലൈ 28 നാണ് ദേശീയ അന്വേഷണ ഏജൻസി ജാതി വിരുദ്ധ പ്രവർത്തകനും സാമൂഹിക നീതി വക്താവുമായ ഹാനി ബാബുവിനെ ഭീമ കൊറേഗാവ്-എൽഗാർ പരിഷത്ത് കേസിൽ അറസ്റ്റ് ചെയ്യുന്നത്

ന്യൂഡൽഹി: ഭീമ കൊറേഗാവ്-എൽഗാർ പരിഷത്ത് കേസിലെ യുഎപിഎ തടവുകാരിൽ ഒരാളായ ഡൽഹി സർവകലാശാല പ്രഫസറും പ്രശസ്ത അക്കാദമിഷ്യനുമായ ഡോ. ഹാനി ബാബു വിചാരണയോ ജാമ്യമോ ഇല്ലാതെ 2025 ജൂലൈ 28 തിങ്കളാഴ്ച ജയിലിൽ അഞ്ച് വർഷം പൂർത്തിയാക്കി. 2020 ജൂലൈ 28 നാണ് ദേശീയ അന്വേഷണ ഏജൻസി ജാതി വിരുദ്ധ പ്രവർത്തകനും സാമൂഹിക നീതി വക്താവുമായ ഹാനി ബാബുവിനെ അറസ്റ്റ് ചെയ്യുന്നത്.

2017 ഡിസംബർ 31-ന് മഹാരാഷ്ട്രയിലെ ഭീമ കൊറേഗാവിലും അയൽ ഗ്രാമങ്ങളിലും നടത്തിയ പ്രസംഗങ്ങളിൽ ജാതി അടിസ്ഥാനമാക്കിയുള്ള അക്രമത്തിന് പ്രേരിപ്പിച്ചതായി ആരോപിച്ച് നിരവധി ദലിത്, ആദിവാസി അവകാശ പ്രവർത്തകർക്കൊപ്പം ഹാനി ബാബുവിനെതിരെയും കുറ്റം ചുമത്തി. നിരോധിത മാവോയിസ്റ്റ് ഗ്രൂപ്പുകളുമായി ഇവർക്ക് ബന്ധമുണ്ടെന്നും അധികൃതർ ആരോപിച്ചു. ശിക്ഷാ നിയമത്തിലെയും നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമത്തിലെയും (യുഎപിഎ) വിവിധ വകുപ്പുകൾ പ്രകാരമാണ് ഹാനി ബാബുവിനെതിരെ കേസെടുത്തത്.

ഹാനി ബാബു ഇപ്പോൾ നവി മുംബൈയിലെ തലോജ സെൻട്രൽ ജയിലിലാണ്. 2021-ൽ കണ്ണിൽ കടുത്ത അണുബാധയും ക്രമേണ കാഴ്ച നഷ്ടപെടുന്ന അവസ്ഥയും ഉണ്ടായതിനെ തുടർന്ന് പരാതിപ്പെട്ടിട്ടും അധികാരികൾ അദ്ദേഹത്തിന് വൈദ്യചികിത്സ നിഷേധിച്ചുവെന്ന് അദ്ദേഹത്തിന്റെ കുടുംബവും അഭിഭാഷകരും ആരോപിച്ചിരുന്നു.

'ഒരു കുറ്റവും ചെയ്യാതെ കുറ്റപത്രത്തിൽ പറഞ്ഞിരിക്കുന്നതുപോലെ ഒരു നടപടിക്രമവും പാലിക്കാതെ കമ്പ്യൂട്ടറിൽ നിന്ന് പൊലീസ് നടത്തിയ റെയ്ഡിൽ പിടിച്ചെടുത്ത രേഖകളുടെ അടിസ്ഥാനത്തിൽ മാത്രം ഒരു കുറ്റവും ചുമത്താതെ ഒരു യൂണിവേഴ്സിറ്റി പ്രഫസർ ഇത്രയും വർഷമായി ജയിലിൽ കഴിയുന്നത് ശരിക്കും ഭയാനകമാണ്.' ഹാനി ബാബുവിന്റെ ഭാര്യ ജെന്നി റോവെന്ന പറഞ്ഞതായി മക്തൂബ് മീഡിയ റിപ്പോർട്ട് ചെയ്യുന്നു. 'സാമൂഹിക നന്മക്കായി പ്രവർത്തിക്കുന്ന സർക്കാർ പരിധി ലംഘിക്കാത്ത ഏതൊരാൾക്കും ഇത്തരമൊരു കാര്യം സംഭവിക്കാമെന്ന് ഇത് കാണിക്കുന്നു. ഇത് ഗൗരവമായി കാണുകയും അപലപിക്കുകയും വേണം. ഡൽഹി സർവകലാശാലയിലെ പ്രഫസർ കൂടിയായ ജെനി പറഞ്ഞു.

ഭീമ കൊറേഗാവ്-എൽഗാർ പരിഷത്ത് കേസിൽ മറ്റ് അഞ്ച് മനുഷ്യാവകാശ പ്രവർത്തകർക്ക് ജാമ്യം അനുവദിച്ച ബോംബെ ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചതിനെത്തുടർന്ന് കഴിഞ്ഞ വർഷം മെയ് 3 ന് ഹാനി ബാബു സുപ്രിം കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷ പിൻവലിച്ചിരുന്നു. ഇതുവരെ ബോംബെ ഹൈക്കോടതി റോണ വിൽസൺ, ആക്ടിവിസ്റ്റുകളായ സുധീർ ധവാലെ, സുധ ഭരദ്വാജ് എന്നിവർക്ക് ജാമ്യം അനുവദിച്ചിട്ടുണ്ട്. അതേസമയം, പി. വരവര റാവുവിന് മെഡിക്കൽ കാരണങ്ങളാലും ഷോമ സെൻ, വെർനോൺ ഗൊൺസാൽവസ്, അരുൺ ഫെരേര എന്നിവർക്ക് മെറിറ്റിന്റെ അടിസ്ഥാനത്തിലും സുപ്രിം കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.

Similar Posts