< Back
India
Muslims need education the most, says Union Minister Nitin Gadkari
India

'അടുത്ത തെരഞ്ഞെടുപ്പിൽ എന്‍റെ പോസ്റ്ററോ ബാനറോ ഉണ്ടാകില്ല, താത്പര്യമുള്ളവർക്ക് വോട്ടു ചെയ്യാം'- നിതിൻ ഗഡ്കരി

Web Desk
|
1 Oct 2023 11:48 AM IST

നാഗ്പൂര്‍ ലോക്സഭാ മണ്ഡലത്തില്‍നിന്നുള്ള എംപിയാണ് നിതിന്‍ ഗഡ്കരി

മുംബൈ: അടുത്ത തെരഞ്ഞെടുപ്പിൽ നാഗ്പൂർ മണ്ഡലത്തിൽ തന്റെ പോസ്റ്ററോ ബാനറോ ഉണ്ടാകില്ലെന്നും താത്പര്യമുള്ളവർക്ക് വോട്ടു ചെയ്യാമെന്നും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. മഹാരാഷ്ട്രയിലെ വാഷിമിൽ ദേശീയപാതാ പദ്ധതി ഉദ്ഘാടനം ചെയ്യവെയാണ് ഗഡ്കരിയുടെ പ്രഖ്യാപനം. ആർക്കും പണം നൽകില്ലെന്നും അങ്ങനെ ചെയ്യുന്നവരെ അതിന് അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഒരു പോസ്റ്ററും ബാനറും വേണ്ടെന്ന് ഞാൻ തീരുമാനിച്ചിട്ടുണ്ട്. ആർക്കും ചായയും നൽകില്ല. ആവശ്യമുള്ളവർക്ക് വോട്ടു ചെയ്യാം. വേണ്ടാത്തവർ ചെയ്യേണ്ട. ആർക്കും പണം നൽകില്ല, അതിന് അനുവദിക്കുകയുമില്ല. എന്നാലും നിങ്ങളെ എല്ലാവരെയും സേവിക്കാൻ എനിക്കാകുമെന്ന് ഞാൻ വിശ്വസിക്കുന്നു' - അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ജൂലൈയിലും ഗഡ്കരി സമാനമായ പ്രസ്താവന നടത്തിയിരുന്നു. ഒരു തെരഞ്ഞെടുപ്പിൽ വോട്ടർമാർക്ക് ആട്ടിറച്ചി വിതരണം ചെയ്തു. ആ തെരഞ്ഞെടുപ്പിൽ ഞാൻ തോൽക്കുകയും ചെയ്തു. പോസ്റ്ററുകൾ ഉയർത്തിയാണ് ആളുകൾ തെരഞ്ഞെടുപ്പ് ജയിക്കുന്നത്. അതിൽ താൻ വിശ്വസിക്കുന്നില്ല. വോട്ടർമാർ ബുദ്ധിയുള്ളവരാണ്- എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. അതിവിടെ വായിക്കാം

2014 മുതൽ നാഗ്പൂർ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ലോക്‌സഭാംഗമാണ് ഗഡ്കരി. 2019ൽ മണ്ഡലം നിലനിർത്തി. 2014ൽ 2,84,848 വോട്ടിനായിരുന്നു ജയം. 2019ൽ ഭൂരിപക്ഷം 2,16,009 വോട്ടായി കുറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ ഫൽഗുണറാവു പടോളയെയാണ് ഗഡ്കരി തോൽപ്പിച്ചത്. 2009ൽ കോൺഗ്രസിന്റെ വിലാസ് മുത്തംവർ 24,399 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ച മണ്ഡലമാണ് നാഗ്പൂർ. ആർഎസ്എസിന് സ്വാധീനമുള്ള സ്ഥലം കൂടിയാണിത്.

അതിനിടെ, വാഷിം ജില്ലയിൽ 3695 കോടിയുടെ മൂന്ന്് ഹൈവേ പദ്ധതിയാണ് ഗഡ്കരി ഉദ്ഘാടനം ചെയ്തത്. അകോളയിൽ മെദ്ശി വരെ നീളുന്ന 48 കിലോമീറ്റർ പാതയാണ് ആദ്യത്തേത്. 1259 കോടി രൂപയാണ് പദ്ധതിച്ചെലവ്. മെദ്ശിയിൽനിന്ന് വാഷിം വരെ 45 കിലോമീറ്റർ പാതയാണ് രണ്ടാമത്തേത്. 1394 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. 1042 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന പൻഗ്രെ-വാറംഗഫതു പാതയാണ് മൂന്നാമത്തേത്. അകോള, വാഷിം, നാന്ദഡ്, ഹിങ്കോളി ജില്ലകളിലൂടെ കടന്നു പോകുന്നതാണ് പദ്ധതികൾ.

Summary: 'No banners, no bribe': Nitin Gadkari's strategy for Lok Sabha poll campaigning





Similar Posts