< Back
India
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് തിങ്കളാഴ്ച; പ്രചാരണം ശക്തമാക്കി തരൂരും ഖാർഗെയും
India

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് തിങ്കളാഴ്ച; പ്രചാരണം ശക്തമാക്കി തരൂരും ഖാർഗെയും

Web Desk
|
15 Oct 2022 6:28 AM IST

പ്രസിഡന്‍റായാല്‍ ഉദയ്‌പൂർ ചിന്തൻ ശിബിറിലെ അജണ്ടകൾ മാത്രമാകും നടപ്പിലാക്കുക എന്നാണ് മല്ലികാർജുൻ ഖാർഗെ പറയുന്നത്

ഡല്‍ഹി: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം ശേഷിക്കെ പ്രചാരണച്ചൂടിലാണ് സ്ഥാനാർഥികൾ. ശശി തരൂർ പുറത്തിറക്കിയ പ്രകടന പത്രികയെ പരിഹസിച്ച് എതിർ സ്ഥാനാർഥിയായ മല്ലികാർജുൻ ഖാർഗെ രംഗത്ത് എത്തി. പ്രസിഡന്‍റായാല്‍ ഉദയ്‌പൂർ ചിന്തൻ ശിബിറിലെ അജണ്ടകൾ മാത്രമാകും നടപ്പിലാക്കുക എന്നാണ് മല്ലികാർജുൻ ഖാർഗെ പറയുന്നത്.

മുൻപ് ഒരു പി.സി.സിയിലും ലഭിക്കാത്ത സ്വീകരണമാണ് മധ്യപ്രദേശിൽ ശശി തരൂരിന് ലഭിച്ചത്. കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിന്‍റെ അപ്രഖ്യാപിത ഔദ്യോഗിക സ്ഥാനാർഥിയായ മല്ലികാർജുൻ ഖാർഗെയ്ക്ക് കേരളം ഉൾപ്പടെയുള്ള പിസിസികൾ വലിയ സ്വീകരണം ഒരുക്കി. എന്നാൽ മധ്യപ്രദേശിൽ ശശി തരൂരിനെ സ്വീകരിക്കാൻ എത്തിയത്. കമൽനാഥ്, മനീഷ് തിവാരി, പ്രതിപക്ഷ നേതാവ് ഗോവിന്ദ് സിങ് എന്നിവരായിരുന്നു ശശി തരൂരിനെ സ്വീകരിക്കാൻ പി.സി.സി ആസ്ഥാനത്ത് എത്തിയത്. എന്നാൽ ശശി തരൂരിന്‍റെ സ്ഥാനാർഥിത്വത്തിൽ ഇപ്പോഴും ജി 23 ൽ അഭിപ്രായ ഭിന്നതകളുണ്ട്. ഖാർഗെ പാർട്ടിയെ നയിക്കാൻ യോഗ്യനാണ് എന്ന മനീഷ് തിവാരിയുടെ പ്രസ്താവന ആണ് തിരുത്തൽ ചേരിയിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നത്.

അതേസമയം തരൂർ പുറത്തിറക്കിയ പ്രകടന പത്രികയെ മല്ലികാർജുൻ ഖാർഗെ പരിഹസിച്ചു. മറ്റുള്ളവരെ പോലെ തനിക്ക് പ്രകടന പത്രിക ഇല്ലെന്നും അധ്യക്ഷനായാൽ ഉദയ്‌പൂർ ചിന്തർ ശിബിറിലെ അജണ്ടകൾ മാത്രമാകും താൻ നടപ്പിലാക്കുക എന്നും ഖാർഗെ പറഞ്ഞു. ഒരാൾക്ക് ഒരു പദവി മുതൽ പ്രായ പരിമിതി വരെയുള്ള വിഷയങ്ങളിൽ ചിന്തൻ ശിബിർ പ്രമേയം പാസാക്കിയിരുന്നു. ഖാർഗെയുടെ പ്രഖ്യാപനങ്ങളോട് നേതാക്കളിൽ ഉള്ള സമ്മിശ്ര പ്രതികരണം തിങ്കളാഴ്ച നടക്കുന്ന പോളിങിലും ബാധിച്ചേക്കാം. ശശി തരൂർ ഇന്ന് മേഘാലയിലെ ഷില്ലോംഗിലും മല്ലികാർജുൻ ഖാർഗെ സ്വന്തം സംസ്ഥാനമായ കർണാടകയിലും പ്രചാരണം നടത്തും.

Similar Posts