ജയ ബച്ചന്‍- കുനാല്‍ കമ്ര- ഏക്നാഥ് ഷിന്‍ഡെ'എവിടെയാണ് അഭിപ്രായ സ്വാതന്ത്ര്യം'; ഷിൻഡയെ വിമർശിച്ച കുനാൽ കമ്രയ്‌ക്കെതിരെ കേസെടുത്തതിൽ ജയ ബച്ചൻ
|''ഏക്നാഥ് ഷിൻഡെ ശിവസേനയെ പിളർത്തി മറ്റൊരു പാർട്ടിയുണ്ടാക്കിയ ആളാണ്. ബാബാസാഹിബിനെ അപമാനിക്കുന്ന കാര്യമല്ലെ അത്?"
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ശിവസേന മേധാവിയുമായ ഏക്‌നാഥ് ഷിന്‍ഡെയെ കുറിച്ച് സ്റ്റാന്റ് അപ്പ് കൊമേഡിയന്‍ കുനാല്‍ കമ്ര നടത്തിയ പരാമര്‍ശത്തെ തുടര്‍ന്ന് അദ്ദേഹത്തിനെതിരെ കേസെടുത്തതില്‍ വിമര്‍ശനവുമായി സമാജ്‌വാദി പാര്‍ട്ടി എംപി ജയ ബച്ചന്‍.
അഭിപ്രായ സ്വാതന്ത്ര്യം എവിടെ എന്ന് ചോദിച്ചാണ് ജയ ബച്ചന്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്. എന്തെങ്കിലുമൊന്ന് സംസാരിച്ചുപോയാൽ അതിനെതിരെ നടപടികൾ സ്വീകരിക്കുകയാണെങ്കിൽ ആവിഷ്‍കാര സാതന്ത്ര്യം എവിടെയാണെന്നായിരുന്നു അവരുടെ ചോദ്യം. പാർലമെന്റിന് പുറത്ത് മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു ജയ.
'' സംസാരിക്കാൻ വിലക്ക് ഏർപ്പെടുത്തിയാൽ പിന്നെ മാധ്യമങ്ങളുടെ കാര്യം എന്താകും. നിങ്ങൾ തീർച്ചയായും വിഷമവൃത്തത്തിൽ അകപ്പെടും. നിങ്ങളുടെ മേലും നിയന്ത്രണങ്ങളുണ്ട്. അങ്ങനെ നിയന്ത്രണങ്ങൾ വന്നാൽ നിങ്ങൾക്ക് ജയ ബച്ചനെ അഭിമുഖം നടത്താനാവില്ല. ആവിഷ്‍കാര സ്വാതന്ത്ര്യം എവിടെ പോയി? പ്രതിപക്ഷത്തെ തല്ലുക, സ്ത്രീകളെ ബലാത്സംഗം ചെയ്യുക, കൊലപ്പെടുത്തുക തുടങ്ങിയ ബഹളങ്ങൾ ഉണ്ടാകുമ്പോൾ മാത്രമേ പ്രവർത്തന സ്വാതന്ത്ര്യമുള്ളൂ. ഏക്നാഥ് ഷിൻഡെ ശിവസേനയെ പിളർത്തി മറ്റൊരു പാർട്ടിയുണ്ടാക്കിയ ആളാണ്. ഇത് നിങ്ങളുടെ ബാബാസാഹിബിനെ അപമാനിക്കുന്ന കാര്യമല്ലെ''- ജയബച്ചൻ ചോദിച്ചു.
കുനാല്‍ കമ്രയുടെ ഷോ ചിത്രീകരിച്ച മുംബൈയിലെ വേദി നശിപ്പിച്ച സംഭവത്തിലും ജയ ബച്ചന്‍ അപലപിച്ചു. കഴിഞ്ഞ ദിവസം നടന്ന ഒരു പരിപാടിക്കിടെ ‘ദില്‍ തോ പാഗല്‍ ഹെ’ എന്ന ഗാനത്തിന്റെ പാരഡി പാടിയാണ് ഷിന്‍ഡെ രാജ്യദ്രോഹിയാണെന്ന് പരാമര്‍ശം കമ്ര നടത്തിയത്. പിന്നാലെ ശിവസേന പ്രവര്‍ത്തകര്‍ വേദി അടിച്ചുപൊളിച്ചു. ഇതിന് ശേഷമാണ് കമ്രക്കെതിരെ കേസ് എടുത്തത്.
അതേസമയം ഏകനാഥ് ഷിൻഡെക്കെതിരെ നടത്തിയ പരാമർശത്തിൽ തനിക്ക് ഖേദമില്ലെന്നും കോടതി ആവശ്യപ്പെട്ടാൽ മാത്രമേ മാപ്പ് പറയൂ എന്നും കമ്ര വ്യക്തമാക്കി.