< Back
India
സർക്കാർ ഓഫീസുകളിൽ നിന്ന് പരിഹാരമില്ലേ?; പിജി പോർട്ടലിൽ പരാതിപ്പെടാം, അറിയേണ്ടതെല്ലാം
India

സർക്കാർ ഓഫീസുകളിൽ നിന്ന് പരിഹാരമില്ലേ?; 'പിജി' പോർട്ടലിൽ പരാതിപ്പെടാം, അറിയേണ്ടതെല്ലാം

ശരത് ഓങ്ങല്ലൂർ
|
19 March 2026 3:56 PM IST

പരാതികൾക്ക് കൃത്യമായ മറുപടിയും പരിഹാരവും ഉറപ്പാക്കാൻ സജ്ജമാക്കിയിട്ടുള്ള സംവിധാനമാണ് പബ്ലിക് ഗ്രീവൻസ് പോർട്ടൽ

ന്യൂഡൽഹി: പൊതുമേഖലാ സ്ഥാപനങ്ങൾ, ബാങ്കുകൾ, റെയിൽവേ, ടെലികോം തുടങ്ങി ഏത് കേന്ദ്ര സർക്കാർ മന്ത്രാലയവുമായി ബന്ധപ്പെട്ട പരാതികൾക്കും ഇനി അലഞ്ഞുതിരിയേണ്ടതില്ല. പരാതികൾക്ക് കൃത്യമായ മറുപടിയും പരിഹാരവും ഉറപ്പാക്കാൻ സജ്ജമാക്കിയിട്ടുള്ള സംവിധാനമാണ് പബ്ലിക് ഗ്രീവൻസ് പോർട്ടൽ (PG Portal). ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചകളും സേവനങ്ങളിലെ കാലതാമസവും ഈ പോർട്ടൽ വഴി നേരിട്ട് അറിയിക്കാം.

കേന്ദ്ര ഗവൺമെൻ്റ് വകുപ്പുകൾക്കെതിരെയുള്ള പരാതികൾ സമയബന്ധിതമായും സുതാര്യമായും പരിഹരിക്കപ്പെടുന്നു എന്ന് ഉറപ്പാക്കുന്ന ഔദ്യോഗിക പ്ലാറ്റ്‌ഫോമാണിത്. അപേക്ഷകൾ നേരിട്ട് നൽകാനോ ഓഫീസുകൾ കയറിയിറങ്ങാനോ സാധിക്കാത്തവർക്ക് ഓൺലൈനായി പരാതി ഫയൽ ചെയ്യാനും അതിന്റെ പുരോഗതി പരിശോധിക്കാനും ഈ സംവിധാനം വഴി സാധിക്കും. പിജി പോർട്ടലിൽ പരാതി നൽകിയാൽ മിക്ക വകുപ്പുകളും 30 ദിവസത്തിനുള്ളിൽ മറുപടി നൽകാൻ ബാധ്യസ്ഥരാണ്. പരാതിയുടെ നിലവിലെ അവസ്ഥ ഓൺലൈനായി എപ്പോൾ വേണമെങ്കിലും പരിശോധിക്കാം. പരാതിക്കൊപ്പം അനുബന്ധ രേഖകൾ അപ്‌ലോഡ് ചെയ്യാനുള്ള സൗകര്യമുണ്ട്. ലഭിച്ച മറുപടി തൃപ്തികരമല്ലെങ്കിൽ പോർട്ടൽ വഴി തന്നെ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകാനും സാധിക്കും.

പബ്ലിക് ഗ്രീവൻസ് പോർട്ടലിൽ പരാതി നൽകേണ്ടത് എങ്ങനെ

  • ആദ്യം pgportal.gov.in എന്ന വെബ്സൈറ്റിൽ പ്രവേശിക്കുക.
  • നിങ്ങളുടെ മൊബൈൽ നമ്പറോ ഇമെയിൽ വിലാസമോ ഉപയോഗിച്ച് സൈറ്റിൽ ലോഗിൻ ചെയ്യുക.
  • ‘Lodge Public Grievance’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ബന്ധപ്പെട്ട മന്ത്രാലയമോ വകുപ്പോ സെലക്റ്റ് ചെയ്യുക
  • നിങ്ങളുടെ പരാതി വ്യക്തമായി വിവരിക്കുക. ആവശ്യമായ രേഖകൾ ഉണ്ടെങ്കിൽ അത് അപ്‌ലോഡ് ചെയ്യുക.
  • പരാതി സബ്മിറ്റ് ചെയ്യുമ്പോൾ ലഭിക്കുന്ന രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് പരാതിയിൽ സ്ഥിതി ട്രൈക്ക് ചെയ്യാൻ സാധിക്കും.
Similar Posts