< Back
India
Noida techie dies screaming for help after car plunges into 30-foot drain

യുവരാജ് മേത്ത

India

'ജീവനു വേണ്ടി കേഴുകയായിരുന്നു അയാള്‍, ഇറങ്ങാന്‍ പൊലീസ് തയാറായില്ല'; വെള്ളക്കെട്ടില്‍ വീണ ടെക്കിക്ക് ദാരുണാന്ത്യം, രക്ഷിക്കാന്‍ ഇറങ്ങിയത് ഡെലിവറി ഏജന്‌റ്

Web Desk
|
18 Jan 2026 4:06 PM IST

27കാരനായ യുവരാജ് മേത്തയാണ് കഴിഞ്ഞ ദിവസം രാത്രി ദാരുണമായി മരിച്ചത്

ന്യൂഡല്‍ഹി: നോയിഡയില്‍ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ കാറില്‍ കുടുങ്ങിയ 27കാരനായ ടെക്കി മരിച്ചത് നാലരമണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനു പിന്നാലെ. സോഫ്റ്റുവെയര്‍ എന്‍ജിനീയര്‍ യുവരാജ് മേത്തയാണ് കഴിഞ്ഞ ദിവസം രാത്രി ദാരുണമായി മരിച്ചത്. റോഡരികിലെ മതില്‍ തകര്‍ത്ത് വെള്ളക്കെട്ടിലേക്ക് വീണ കാറിനുള്ളില്‍ നിന്ന് യുവരാജ് ജീവനു വേണ്ടി നിലവിളിക്കുകയായിരുന്നുവെന്ന് രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ച ഫുഡ് ഡെലിവറി ഏജന്‌റ് പറഞ്ഞു. തണുപ്പും മഞ്ഞും കാരണം പൊലീസ് വെള്ളത്തിലിറങ്ങാന്‍ തയാറായില്ലെന്നും ഇയാള്‍ ആരോപിച്ചു.

ഗ്രേറ്റര്‍ നോയിഡയിലെ സെക്ടര്‍ 150യിലെ താമസക്കാരനായിരുന്നു യുവരാജ് മേത്ത. ഗുരുഗ്രാമിലെ ഒരു ഐടി സ്ഥാപനത്തിലാണ് ഇയാള്‍ ജോലി ചെയ്തിരുന്നത്. വെള്ളിയാഴ്ച രാത്രി യുവരാജ് ഓഫിസില്‍ നിന്ന് മടങ്ങുന്നതിനിടെ വീടിന് 500 മീറ്റര്‍ അകലെ വെച്ചാണ് അപകടം. കനത്ത മഞ്ഞില്‍ റോഡ് വ്യക്തമല്ലാതായതോടെ കാര്‍ റോഡരികിലെ മതില്‍ ഇടിച്ചു തകര്‍ത്ത് വെള്ളക്കെട്ടിലേക്ക്‌ മറിയുകയായിരുന്നു. പാതി മുങ്ങിക്കിടന്ന കാറില്‍ നിന്ന് പുറത്തുകടന്ന യുവരാജ് തന്‌റെ വീട്ടുകാരെയും പൊലീസിനെയും വിവരം അറിയിച്ചു. പൊലീസും ഫയര്‍ഫോഴ്‌സും എത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങിയെങ്കിലും കനത്ത മഞ്ഞും ഇരുട്ടും തടസ്സമായി. തന്‌റെ മകനെ എങ്ങനെയെങ്കിലും രക്ഷിക്കൂവെന്ന് യുവരാജിന്‌റെ പിതാവ് അഭ്യര്‍ഥിക്കുന്നുണ്ടായിരുന്നു. എന്നാല്‍, കടുത്ത തണുപ്പും അപകടസാധ്യതയും കാരണം പൊലീസോ ഫയര്‍ഫോഴ്‌സോ വെള്ളത്തിലിറങ്ങാന്‍ തയാറായില്ല.

ഭക്ഷണ വിതരണ ജീവനക്കാരനായ മൊനീന്ദര്‍ സിങ് എന്നയാളാണ് അപകടാവസ്ഥ പരിഗണിക്കാതെ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയത്. ''എന്നെ എങ്ങനെയെങ്കിലും രക്ഷിക്കൂ'' എന്ന് മണിക്കൂറുകളോളം യുവരാജ് നിലവിളിക്കുകയായിരുന്നെന്ന് മൊനീന്ദര്‍ പറയുന്നു. പൊലീസ് വെള്ളത്തില്‍ ഇറങ്ങാന്‍ തയാറായില്ല. ഒടുവില്‍ അരയില്‍ കയര്‍ കെട്ടി വെള്ളത്തിലിറങ്ങിയ മൊനീന്ദര്‍ തിരച്ചില്‍ നടത്തിയെങ്കിലും യുവരാജിനെ പിന്നീട് കണ്ടെത്താനായില്ല. പുലര്‍ച്ചെ 5.30 വരെ തിരച്ചില്‍ തുടര്‍ന്നു. പിന്നീട്, ഗാസിയാബാദില്‍ നിന്നെത്തിയ എന്‍ഡിആര്‍ഫ് സംഘം വെള്ളത്തില്‍ നിന്ന് യുവരാജിന്‌റെ മൃതദേഹം മുങ്ങിയെടുക്കുകയായിരുന്നു. സംഭവത്തില്‍, കൃത്യമായി രക്ഷാപ്രവര്‍ത്തനം നടത്താതിരുന്ന പൊലീസിനും ഫയര്‍ഫോഴ്‌സിനുമെതിരെ രൂക്ഷമായ വിമര്‍ശനമുയരുകയാണ്.

Similar Posts