< Back
India
വിവാഹശേഷം ജീന്‍സ് ധരിക്കുന്നത് തടഞ്ഞ ഭര്‍ത്താവിനെ യുവതി കുത്തിക്കൊന്നു
India

വിവാഹശേഷം ജീന്‍സ് ധരിക്കുന്നത് തടഞ്ഞ ഭര്‍ത്താവിനെ യുവതി കുത്തിക്കൊന്നു

Web Desk
|
18 July 2022 12:08 PM IST

ജാര്‍ഖണ്ഡ് ജംതാര പൊലീസ് സ്റ്റേഷൻ പരിധിയിലെ ജോർബിത ഗ്രാമത്തിലാണ് സംഭവം

ജംതാര: വിവാഹശേഷം ജീന്‍സ് ധരിക്കുന്നത് തടഞ്ഞ ഭര്‍ത്താവിനെ യുവതി കുത്തിക്കൊലപ്പെടുത്തി. ജാര്‍ഖണ്ഡ് ജംതാര പൊലീസ് സ്റ്റേഷൻ പരിധിയിലെ ജോർബിത ഗ്രാമത്തിലാണ് സംഭവം.

ശനിയാഴ്ച രാത്രി പ്രതി പുഷ്പ ഹെംബ്രോം ജീന്‍സ് ധരിച്ച് ഗോപാല്‍പൂര്‍ ഗ്രാമത്തില്‍ നടന്ന ഒരു മേള കാണാന്‍ പോയിരുന്നു. അവൾ വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോൾ, ദമ്പതികൾ തമ്മില്‍ അവളുടെ വസ്ത്രധാരണത്തെച്ചൊല്ലി വാക്കുതര്‍ക്കമുണ്ടാവുകയും വിവാഹശേഷം ജീന്‍സ് ധരിച്ചതിനെ ഭര്‍ത്താവ് ചോദ്യം ചെയ്യുകയും ചെയ്തു. പ്രകോപിതയായ പുഷ്പ കത്തി ഉപയോഗിച്ച് ഭര്‍ത്താവിനെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി മുറിവേറ്റ യുവാവിനെ കുടുംബാംഗങ്ങൾ ഉടൻ തന്നെ ധൻബാദ് പിഎംസിഎച്ചിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചു. ജീൻസ് ധരിക്കുന്നതുമായി ബന്ധപ്പെട്ട് മകനും മരുമകളും തമ്മിൽ തർക്കമുണ്ടായിരുന്നുവെന്ന് മരിച്ചയാളുടെ പിതാവ് കർണേശ്വര്‍ ടുഡു പറഞ്ഞു. വഴക്കിനിടെ ഭാര്യ ഭർത്താവിനെ കുത്തിക്കൊല്ലുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. "സംഭവത്തെക്കുറിച്ച് ഞങ്ങൾക്ക് വിവരം ലഭിച്ചു. ധന്‍ബാദിൽ ചികിത്സയ്ക്കിടെ യുവാവ് മരിച്ചതിനാൽ, എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്''ജംതാര സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) അബ്ദുൾ റഹ്മാൻ പറഞ്ഞു.

Related Tags :
Similar Posts