< Back
India
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ ഇംപീച്ച്‌മെന്റ് നീക്കവുമായി പ്രതിപക്ഷം
India

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ ഇംപീച്ച്‌മെന്റ് നീക്കവുമായി പ്രതിപക്ഷം

അഹമ്മദലി ശര്‍ഷാദ്
|
12 March 2026 10:22 PM IST

അവിശ്വാസപ്രമേയ നോട്ടീസിൽ 193 എംപിമാർ ഒപ്പുവെച്ചിട്ടുണ്ട്

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് നീക്കവുമായി ഇൻഡ്യ സഖ്യം. ഇതിനായി 193 എംപിമാർ ഒപ്പുവെച്ച നോട്ടീസ് പ്രതിപക്ഷം തയ്യാറാക്കിയിട്ടുണ്ട്. ലോക്‌സഭയിലെ 130 എംപിമാരും രാജ്യസഭയിലെ 63 എംപിമാരുമാണ് നോട്ടീസിൽ ഒപ്പുവെച്ചത്. പാർലമെന്റിന്റെ ഏതെങ്കിലും ഒരു സഭയിൽ നോട്ടീസ് സമർപ്പിക്കാനാണ് സാധ്യത.

ചട്ടപ്രകാരം ലോക്‌സഭയിൽ കുറഞ്ഞത് 100 എംപിമാരും രാജ്യസഭയിൽ 50 എംപിമാരും നോട്ടീസിൽ ഒപ്പുവെച്ചാലാണ് അവിശ്വാസപ്രമേയത്തിന് സാധുതയുള്ളത്. ഈ നിബന്ധനകൾ ഇതിനകം പാലിച്ചിട്ടുണ്ട്. ചരിത്രത്തിൽ ആദ്യമായാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് പാർലമെന്റിൽ എത്തുന്നത്.

ഔദ്യോഗിക പദവിയിലെ പക്ഷപാതപരമായ പെരുമാറ്റം, തെരഞ്ഞെടുപ്പ് ക്രമക്കേടുകൾ അന്വേഷിക്കുന്നതിലെ തടസം, വോട്ടർമാരെ ഒഴിവാക്കൽ തുടങ്ങിയ ഏഴ് പ്രധാന ആരോപണങ്ങളാണ് കമീഷണർക്കെതിരെ പ്രതിപക്ഷം ഉന്നയിച്ചിരിക്കുന്നത്. ഇൻഡ്യ മുന്നണിയിലെ എല്ലാ കക്ഷികളും ഔദ്യോഗികമായി മുന്നണിയുടെ ഭാഗമല്ലാത്ത ആം ആദ്മി പാർട്ടിയും നോട്ടീസിൽ ഒപ്പുവെച്ചിട്ടുണ്ട്.

തുടർച്ചയായി നടക്കുന്ന എസ്‌ഐആർ ഭരണകക്ഷിയായ ബി.ജെ.പിയെ സഹായിക്കാൻ വേണ്ടിയുള്ളതാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. പ്രത്യേകിച്ചും പശ്ചിമ ബംഗാളിൽ യഥാർഥ വോട്ടർമാരെ പട്ടികയിൽ നിന്ന് നീക്കം ചെയ്യുന്നുവെന്ന് തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും മുഖ്യമന്ത്രിയുമായ മമതാ ബാനർജി നേരത്തെ കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. ഇതേത്തുടർന്നാണ് പ്രതിപക്ഷം ഇത്തരമൊരു നീക്കവുമായി രംഗത്തെത്തിയത്.

സുപ്രിംകോടതി ജഡ്ജിമാരെ നീക്കം ചെയ്യുന്നതിന് സമാനമായ നടപടിക്രമങ്ങളാണ് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറെയും ഇംപീച്ച്മെന്റ് ചെയ്യാൻ എടുക്കുന്ന നടപടികൾ. ഇരുസഭകളിലും പ്രമേയം അവതരിപ്പിച്ച് പ്രത്യേക ഭൂരിപക്ഷത്തോടെ പാസാക്കിയാൽ മാത്രമേ ഇതിന് സാധ്യമാകൂ. ഭരണപക്ഷത്തിന് ഇരുസഭകളിലും വ്യക്തമായ ഭൂരിപക്ഷമുള്ളതിനാൽ, ഈ നീക്കം പ്രതീകാത്മക പ്രതിഷേധമായി അവസാനിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Similar Posts