
ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് ജാമ്യം
|ബിലാസ്പുർ എൻഐഎ കോടതിയാണ് ജാമ്യം അനുവദിച്ചത്
ന്യൂഡൽഹി: ഛത്തീസ്ഗഡിൽ ജയിലിൽ കഴിയുന്ന കന്യാസ്ത്രീകൾക്ക് ജാമ്യം. ബിലാസ്പുർ എൻഐഎ കോടതിയാണ് ജാമ്യം അനുവദിച്ചത്. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് സിറാജുദ്ദീന്‍ ഖുറേഷിയാണ് വിധി പറഞ്ഞത്. ഇന്ന് തന്നെ കന്യാസ്ത്രീകൾ ജയിൽ മോചിതരാകും.
50,000 രൂപ തുകയും രണ്ട് ആള്‍ജാമ്യത്തിലുമാണ് ജാമ്യം അനുവദിച്ചത്. പാസ്‌പോര്‍ട്ടും കോടതിയില്‍ കെട്ടിവെക്കണം, രാജ്യം വിട്ടു പോകരുത് എന്നിവയാണ് മറ്റ് ഉപാധികള്‍.
ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ കോടതിയിൽ എതിർത്തിരുന്നു. എന്നാൽ കന്യാസ്ത്രീകളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണോ എന്ന് ചോദിച്ചപ്പോള്‍ ആവശ്യമില്ലെന്നായിരുന്നു പ്രോസിക്യൂട്ടറുടെ മറുപടി. കന്യാസ്ത്രീകളുടെ അഭിഭാഷകൻ ഉയർത്തിയ വാദങ്ങളിലും പ്രോസിക്യൂഷൻ എതിർപ്പ് അറിയിച്ചിട്ടില്ല.
ഛത്തീസ്ഗഢ് മുൻ അഡിഷണൽ അഡ്വ. ജനറൽ അമൃതോ ദാസ് ആണ് കന്യാസ്ത്രീകൾക്കായി ഹൈക്കോടതിയിൽ ഹാജരായത്. ജാമ്യത്തിനായി ഇടപെടുമെന്നും ജാമ്യാപേക്ഷയെ ഛത്തീസ്ഗഢ് സർക്കാർ എതിർക്കില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ഉറപ്പ് നൽകിയിരുന്നു. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ മജിസ്ട്രേറ്റ് കോടതി നേരത്തെ തള്ളിയിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് തലശേരി ഉദയഗിരി ഇടവകയിലെ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂര്‍ ഇടവകയിലെ സിസ്റ്റര്‍ പ്രീതി മേരി എന്നിവരെ അറസ്റ്റ് ചെയ്തത്. ഛത്തീസ്ഗഡിലെ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് റെയില്‍വേ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. സഭയുടെ കീഴിലെ സ്ഥാപനങ്ങളിലേക്ക് മൂന്ന് പെണ്‍കുട്ടികളെ കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റ് എന്നാണ് വിവരം. നിര്‍ബന്ധിത മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ റെയില്‍വേ സ്റ്റേഷനില്‍ പ്രതിഷേധമുയര്‍ത്തിയതിന് പിന്നാലെയാണ് റെയില്‍വേ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.