< Back
India
ഭർത്താവ് സ്വതന്ത്രയാക്കി, ഹിമാലയത്തിലേക്ക് പോകുന്നു; നടി ഇനി സന്യാസ ജീവിതത്തിലേക്ക്
India

'ഭർത്താവ് സ്വതന്ത്രയാക്കി, ഹിമാലയത്തിലേക്ക് പോകുന്നു'; നടി ഇനി സന്യാസ ജീവിതത്തിലേക്ക്

Web Desk
|
20 Aug 2022 1:26 PM IST

ഏറെ പ്രേക്ഷക പ്രീതിയുള്ള സീരിയലുകളായ 'പ്രാൺ ജായേ പർ ഷാൻ നാ ജായേ', 'ഗർ കി ലക്ഷ്മി' എന്നിവയിലെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകപ്രീതി നേടിയ താരമാണ് നുപൂർ

ന്യൂഡൽഹി: ഹിന്ദി സീരിയൽ പ്രേക്ഷകർക്ക് സുപരിചിതയായ നടി നുപൂർ അലങ്കാർ സന്യാസ ജീവിത്തതിലേക്ക് വഴിമാറി. കാവി വസ്ത്രം ധരിച്ച് തീർഥാടന കേന്ദ്രങ്ങൾ സന്ദർശിക്കുന്ന നടി ഇപ്പോൾ ഹിമാലയത്തിലേക്കുള്ള യാത്രയിലാണ്. ഏറെ പ്രേക്ഷക പ്രീതിയുള്ള സീരിയലുകളായ 'പ്രാൺ ജായേ പർ ഷാൻ നാ ജായേ', 'ഗർ കി ലക്ഷ്മി' എന്നിവയിലെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകപ്രീതി നേടിയ താരമാണ് നുപൂർ.

കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇവർക്ക് മനമാറ്റമുണ്ടാകുന്നത്. താൻ എപ്പോഴും ആത്മീയതയോട് ചേർന്നുനിന്നിരുന്നെന്നും അദ്വൈതം പിന്തുടരുന്ന ആളാണെന്നും ഇപ്പോൾ അതിനുവേണ്ടി ജീവിതം മാറ്റിവെക്കുകയാണെന്നും നൂപുർ പറയുന്നു. ജീവിതത്തിലെ വലിയൊരു ചുവടുവെപ്പായാണ് ഇതിനെ അവർ കാണുന്നത്. ഈ ആത്മീയ യാത്രയിൽ ഹിമാലയം വലിയ മാറ്റങ്ങളുണ്ടാക്കുമെന്നും നടി വിശ്വസിക്കുന്നു. യാത്ര ചെലവുകൾക്കായി മുംബൈയിലെ ഫ്‌ലാറ്റ് വാടകക്ക് നൽകിയിരിക്കുകയാണ്.

ലോക്ഡൗണാണ് ജീവിതത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കിയതെന്ന് അവർ പറയുന്നു. ടെലിവിഷൻ രംഗത്തായിരിക്കുമ്പോൾ ജനപ്രീതിയെയും വിജയത്തെയും കുറിച്ച് എപ്പോഴും ആശങ്കപ്പെട്ടിരുന്നു. ഇന്ന് എനിക്ക് സമാധാനമുണ്ട്. സന്യാസ ജീവിതത്തിൻറെ ഭാഗമായി ഭർത്താവ് അലങ്കാർ ശ്രീവസ്തവയുമായുള്ള ബന്ധം വേർപെടുത്തുകയാണ്. ആത്മീയപാതയിലേക്ക് പോകാനായി അവർ എന്നെ സ്വതന്ത്രയാക്കി. എന്നാൽ, ഇതുവരെ നിയമപരമായി ബന്ധം വേർപെടുത്തിയിട്ടില്ലെന്നും നടി വ്യക്തമാക്കി.

Related Tags :
Similar Posts