< Back
India
odisha schholsപ്രതീകാത്മക ചിത്രം
India

ചുട്ടുപൊള്ളി ഒഡിഷ; ഏപ്രില്‍ 12 മുതല്‍ സ്കൂളുകളും അങ്കണവാടികളും അടച്ചിടാന്‍ നിര്‍ദേശം

Web Desk
|
12 April 2023 8:05 AM IST

പൊതുജനങ്ങൾക്ക് കുടിവെള്ള വിതരണവും വൈദ്യുതി ലഭ്യതയും ഉറപ്പാക്കണമെന്നും അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു

ഭുവനേശ്വര്‍: ഒഡിഷയിൽ താപനില ഉയരുന്ന സാഹചര്യത്തിൽ ഏപ്രിൽ 12 മുതൽ 16 വരെ എല്ലാ അങ്കണവാടികളും സ്‌കൂളുകളും അടച്ചിടാൻ മുഖ്യമന്ത്രി നവീൻ പട്‌നായിക് നിർദേശം നൽകി. പൊതുജനങ്ങൾക്ക് കുടിവെള്ള വിതരണവും വൈദ്യുതി ലഭ്യതയും ഉറപ്പാക്കണമെന്നും അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.


ചൂട് കൂടിയ പശ്ചാത്തലത്തില്‍ മുതിർന്ന ഉദ്യോഗസ്ഥരുമായി നടത്തിയ അവലോകന യോഗത്തിനു ശേഷമാണ് സ്കൂളുകള്‍ അടച്ചിടാന്‍ നവീന്‍ പട്നായിക് നിര്‍ദേശം നല്‍കിയത്. സംസ്ഥാനത്തുടനീളം ഉഷ്ണതരംഗം ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.ഒഡിഷയിലെ ഒമ്പത് സ്ഥലങ്ങളിൽ ചൊവ്വാഴ്ച 40 ഡിഗ്രി സെൽഷ്യസിനു മുകളിൽ താപനില രേഖപ്പെടുത്തിയിരുന്നു. ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് നഗരങ്ങളിലും ഗ്രാമങ്ങളിലും സുഗമമായ കുടിവെള്ള വിതരണം ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി.ഉഷ്ണതരംഗ സാഹചര്യങ്ങളിൽ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി തുടർച്ചയായ വൈദ്യുതി വിതരണം ഉറപ്പാക്കാൻ ഊർജ വകുപ്പിനോടും നിര്‍ദേശിച്ചു.

ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്‍റെ വിവിധ പ്രവർത്തനങ്ങൾ അവലോകനം ചെയ്യവേ, ഒഡീഷയിലെ ഏകദേശം മൂന്നര കോടി ജനങ്ങൾക്ക് സൗജന്യ ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ നൽകുന്ന ബിഎസ്‌കെവൈ പദ്ധതിയുടെ പ്രവർത്തനത്തിൽ മുഖ്യമന്ത്രി സംതൃപ്തി പ്രകടിപ്പിച്ചു. പദ്ധതിയുടെ പ്രാധാന്യം കണക്കിലെടുത്ത്, എല്ലാ ഗുണഭോക്താക്കൾക്കും ഉടനടി വൈദ്യസഹായം ഉറപ്പാക്കാൻ മുഖ്യമന്ത്രി എച്ച് ആൻഡ് എഫ് ഡബ്ള്യൂ വകുപ്പിനെ ഉപദേശിച്ചു.

Similar Posts