< Back
India
Madhumitha
India

ഗാര്‍ഹിക പീഡനം; ഒഡിഷ മാധ്യമപ്രവര്‍ത്തക ജീവനൊടുക്കി, ഭര്‍ത്താവ് അറസ്റ്റില്‍

Web Desk
|
26 July 2024 10:43 AM IST

തിങ്കളാഴ്ച, മധുമിത ഫിനോയില്‍ കഴിച്ച് ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ചതിനെ തുടർന്ന് കുടുംബം പരാതി നല്‍കിയിരുന്നു

ഭുവനേശ്വര്‍: ഒഡിഷയില്‍ ഭര്‍ത്താവിന്‍റെ പീഡനത്തെത്തുടര്‍ന്ന് മാധ്യമപ്രവര്‍ത്തക ജീവനൊടുക്കി. കഴിഞ്ഞ അഞ്ചു വര്‍ഷമായി ഒരു വെബ് ചാനലില്‍ ജോലി ചെയ്യുകയായിരുന്ന മധുമിതയാണ് ആത്മഹത്യ ചെയ്തത്. യുവതിയുടെ കുടുംബം ധൗലി പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവ് ശ്രീധര്‍ ജെനയെ വ്യാഴാഴ്ച അറസ്റ്റ് ചെയ്തിട്ടുണ്ട്.

തിങ്കളാഴ്ച, മധുമിത ഫിനോയില്‍ കഴിച്ച് ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ചതിനെ തുടർന്ന് കുടുംബം പരാതി നല്‍കിയിരുന്നു. ഭർത്താവ് തന്നെ അവഗണിക്കുകയും ഒന്നിലധികം പെൺകുട്ടികളുമായി അവിഹിത ബന്ധം പുലർത്തുകയും ചെയ്യുന്നുവെന്ന് നേരത്തെ മധുമിത പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് പൊലീസിന്‍റെ സാന്നിധ്യത്തില്‍ പ്രശ്നം പരിഹരിച്ചിരുന്നു. എയര്‍ഫോഴ്സില്‍ ജോലി ചെയ്യുന്ന ശ്രീധര്‍ ജെന ഇനി ഭാര്യയെ മര്‍ദ്ദിക്കുകയോ മറ്റ് പെണ്‍കുട്ടികളുമായി ബന്ധം പുലര്‍ത്തുകയോ ചെയ്യില്ലെന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് ഇരുവരും വീണ്ടും ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിച്ചത്.

വിവാഹമോചന രേഖകൾ വീട്ടിൽ കണ്ടെത്തിയതിനെ തുടർന്ന് ശ്രീധർ നേരത്തെ വിവാഹിതനാണെന്ന് മധുമിത അറിഞ്ഞതോടെ ദമ്പതികൾ തമ്മിൽ വീണ്ടും തർക്കമുണ്ടായി. പ്രശ്നം പരിഹരിച്ച ശേഷം ഭര്‍ത്താവിന് അന്യ സ്ത്രീകളുമായി ബന്ധമുണ്ടെന്നും മധുമിതക്ക് മനസിലായി. ബുധനാഴ്ച വൈകുന്നേരം ഭുവനേശ്വർ റെയിൽവേ സ്റ്റേഷന് സമീപം ഓടുന്ന ട്രെയിനിന് മുന്നിൽ ചാടി മധുമിത ജീവിതം അവസാനിപ്പിക്കുകയായിരുന്നു. ''ഇരുവരും തമ്മില്‍ പ്രശ്നമുണ്ടായിരുന്നു. അത് പൊലീസ് സ്റ്റേഷനിലെത്തി പരിഹരിച്ചിരുന്നു. എന്‍റെ മകളുടെ മരണത്തില്‍ ശ്രീധറിനും സഹോദരനും പങ്കുണ്ടെന്ന് സംശയമുണ്ട്'' മധുമിതയുടെ പിതാവ് പറഞ്ഞു.

വിവാഹബന്ധം വേര്‍പെടുത്തുമെന്ന് ശ്രീധര്‍ ഭീഷണിപ്പെടുത്തിയതിനാല്‍ മധുമിത മാനസികമായി തകര്‍ന്നിരുന്നതായി ഡപ്യൂട്ടി കമ്മീഷണര്‍ പ്രതീക് സിങ് പറയുന്നു. ശ്രീധറിന്‍റെ മൊബൈല്‍ പിടിച്ചെടുത്തിട്ടുണ്ടെന്നും സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നും പൊലീസ് വ്യക്തമാക്കി.

Similar Posts