< Back
India
Odisha reports three child marriages daily
India

ഒഡീഷയിൽ ഒരു ദിവസം നടക്കുന്നത് മൂന്ന് ശൈശവ വിവാഹം; ഏറ്റവും കൂടുതൽ നബരംഗ്പൂർ ജില്ലയിൽ

Web Desk
|
22 March 2025 2:54 PM IST

ആറ് വർഷത്തിനിടെ 8,159 ശൈശവ വിവാഹങ്ങളാണ് സംസ്ഥാനത്ത് നടന്നത്.

ഭുവനേശ്വർ: സർക്കാർ നിരവധി ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചിട്ടും ഒഡീഷയിൽ ശൈശവ വിവാഹങ്ങൾ കുറയുന്നില്ലെന്ന് കണക്കുകൾ. കഴിഞ്ഞ ആറു വർഷത്തിനിടെ ഓരോ ദിവസവും സംസ്ഥാനത്ത് മൂന്ന് ശൈശവ വിവാഹം നടന്നുവെന്നാണ് കണക്കുകൾ പറയുന്നത്. സ്ത്രീധനം, കുടിയേറ്റം, പെൺകുട്ടികൾ ഒളിച്ചോടുമോ എന്ന രക്ഷിതാക്കളുടെ ഭയം, ഗോത്ര സംസ്‌കാരം തുടങ്ങിയവയാണ് ശൈശവ വിവാഹം വർധിക്കാനുള്ള കാരണമെന്നാണ് ഈ മേഖലത്തിൽ പ്രവർത്തിക്കുന്നവർ പറയുന്നത്.

2019 മുതൽ 2025 വരെയുള്ള കാലയളവിൽ 8,159 ശൈശവ വിവാഹങ്ങളാണ് സംസ്ഥാനത്ത് നടന്നത്. ഇതിൽ 1,347 വിവാഹങ്ങളും നബരംഗ്പൂർ ജില്ലയിലാണ്. 966 വിവാഹങ്ങൾ റിപ്പോർട്ട് ചെയ്ത ഗഞ്ചം ജില്ലയാണ് രണ്ടാമത്. കൊറാപുത് (636), മയൂർഭഞ്ച് (594), രായഗഡ (408), ബലാസോർ (361), കിയോൻഝർ (328), കന്ധമൽ (308), നയാഗഢ് (308) എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്കുകൾ. ജാർസുഗുണ്ട ജില്ലയിലാണ് ഏറ്റവും കുറവ് വിവാഹങ്ങൾ നടന്നത്. 57 ശൈശവ വിവാഹങ്ങളാണ് ഇവിടെ നടന്നത്.

ശൈശവ വിവാഹം ഒരു രാത്രികൊണ്ട് അവസാനിപ്പിക്കാനാവില്ലെന്ന് സാമൂഹ്യപ്രവർത്തകയായ നമ്രത ഛദ്ദ പറഞ്ഞു. പെൺകുട്ടികളും രക്ഷിതാക്കളും ഇത്തരം വിവാഹങ്ങൾക്ക് മുതിരാതിരിക്കാൻ സമൂഹത്തിൽ ബോധവത്കരണം നടത്താനാണ് ശ്രമിക്കുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വിവാഹം കഴിച്ചയക്കുന്നത് ഗോത്ര വിഭാഗങ്ങൾക്കിടയിലെ രീതിയിലാണ്. ഇതാണ് ഇത്തരം വിവാഹങ്ങൾ വർധിക്കാനുള്ള കാരണമെന്നും ഛദ്ദ പറഞ്ഞു.

പെൺകുട്ടികൾക്ക് ശരിയായ വിദ്യാഭ്യാസവും നൈപുണ്യ വികസന പരിശീലനവും നൽകിയാൽ ശൈശവ വിവാഹങ്ങൾ ഒരു പരിധിവരെ കുറയ്ക്കാനാവും. പെൺകുട്ടിയുടെ ഭാവി സുരക്ഷിതമാക്കാനുള്ള ഏക മാർഗം വിവാഹമാണ് ധാരണ തിരുത്താൻ ഇത് സഹായിക്കുമെന്നും ഛദ്ദ ചൂണ്ടിക്കാട്ടി.

Similar Posts